Football in Malayalam

റയൽ മാഡ്രിഡ് തോൽവി അർഹിച്ചിരുന്നു, ഒരാഴ്‌ച കൊണ്ട് ടീമിനു സംഭവിച്ച മാറ്റമെന്താണെന്നു കണ്ടെത്തണമെന്ന് ആൻസലോട്ടി

Sreejith N
Espanyol v Real Madrid - La Liga Santander
Espanyol v Real Madrid - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

എസ്‌പാന്യോളിനെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ് വഴങ്ങിയ തോൽ‌വിയിൽ നിരാശയും അമർഷവും പ്രകടിപ്പിച്ച് പരിശീലകൻ കാർലോ ആൻസലോട്ടി. ചാമ്പ്യൻസ് ലീഗിൽ മോൾഡോവിയൻ ക്ലബായ ഷെരിഫിനെതിരെ തോൽവി നേരിട്ടതിനു പിന്നാലെയാണ് എസ്‌പാന്യോളും മികച്ച ഫോമിൽ കളിച്ചിരുന്ന റയൽ മാഡ്രിഡിന് ആശങ്ക നൽകുന്ന തോൽവി സമ്മാനിച്ചത്.

"ഞങ്ങൾ വളരെ മോശം കളിയാണ് കാഴ്‌ച വെച്ചത്, അതിൽ കൂടുതലൊന്നും പറയാനില്ല. ഞങ്ങൾ മത്സരം ആരംഭിച്ചത് ഒരു ആശയത്തോടെ ആയിരുന്നു, എന്നാൽ അതിലൂന്നി നിന്ന് ശാന്തരായി തുടരാൻ ഞങ്ങൾക്കു കഴിഞ്ഞില്ല." മത്സരത്തിനു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നൽകുമ്പോൾ ആൻസലോട്ടി പറഞ്ഞു.

"ആദ്യത്തെ ഗോളിനു ശേഷം വളരെയധികം ആശയക്കുഴപ്പം ടീമിലുണ്ടായി. ഈ സീസണിലിതു വരെയുള്ള ഏറ്റവും മോശം മത്സരമാണിത്. ഇനി ഇന്റർനാഷണൽ ബ്രേക്ക് വരുന്നതിനാൽ ഒരാഴ്‌ച കൊണ്ട് ടീമിന്റെ മനോഭാവത്തിൽ വന്ന മാറ്റം വിലയിരുത്താനും കണ്ടെത്താനും ഞങ്ങൾക്ക് കഴിയേണ്ടതുണ്ട്." ആൻസലോട്ടി വ്യക്തമാക്കി.

ടീമിന്റെ മനോഭാവത്തിൽ വന്ന മാറ്റം വളരെ വ്യക്തമാണെന്നാണ് ആൻസലോട്ടി ഉറപ്പിച്ചു പറയുന്നത്. വളരെ ആക്രമണപരമായി കളിക്കുന്നതിൽ പരാജയപ്പെടുന്ന ടീം ഡുവൽസിൽ വിജയം നേടുന്നില്ലെന്നും സാങ്കേതികവും തന്ത്രപരവുമായ വശങ്ങളിൽ നിന്നു നോക്കുമ്പോൾ ഈ മാറ്റം പ്രകടമാണെന്നും ആൻസലോട്ടി അറിയിച്ചു.

"ഞങ്ങൾ തോൽവി അർഹിച്ചിരുന്നു, ഞങ്ങളുടെ പ്രതികരണം വളരെ വൈകിയാണ്‌ വന്നത് അതിൽ ഞങ്ങൾക്ക് ആശങ്കയുമുണ്ട്. കാരണം രണ്ടു മത്സരങ്ങൾ തുടർച്ചയായി തോൽക്കുകയെന്നത് സാധാരണ കാര്യമല്ല. ഞങ്ങളുടെ പദ്ധതികൾ വളരെ വ്യക്തമായിരുന്നു, ഞാനത് വിശദീകരിക്കാൻ പോകുന്നില്ലെങ്കിലും. എന്നാൽ ഞങ്ങൾക്ക് ഒത്തിണക്കം ഉണ്ടായില്ലെന്നും പന്തു കൃത്യമായി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നതും വ്യക്തമാണ്." ആൻസലോട്ടി വ്യക്തമാക്കി.

facebooktwitterreddit