Football in Malayalam

എംബാപ്പയെ തടുക്കാനാവില്ലെന്ന് ആൻസലോട്ടി, ഈ ജയം പിഎസ്‌ജിക്കു മതിയാകില്ലെന്നും റയൽ മാഡ്രിഡ് പരിശീലകൻ

Sreejith N
2022-02-15 Paris Saint-Germain v Real Madrid - Round Of Sixteen Leg One - UEFA Champions League
2022-02-15 Paris Saint-Germain v Real Madrid - Round Of Sixteen Leg One - UEFA Champions League / BSR Agency/GettyImages
facebooktwitterreddit

പാർക് ഡെസ് പ്രിൻസസിൽ നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ പിഎസ്‌ജിക്കു വിജയം നേടിക്കൊടുത്ത കിലിയൻ എംബാപ്പയെ പ്രശംസിച്ച് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. എംബാപ്പ തടുത്തു നിർത്താൻ കഴിയാത്ത താരമാണെന്നു പറഞ്ഞ ഇറ്റാലിയൻ പരിശീലകൻ ഈ വിജയം കൊണ്ട് പിഎസ്‌ജിക്ക് റയലിനെ മറികടക്കാൻ കഴിഞ്ഞേക്കില്ലെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. റയൽ മുന്നേറ്റനിര താരമായ ബെൻസിമ മത്സരത്തിൽ നടത്തിയ മോശം പ്രകടനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

"ബെൻസിമയുടെ പ്രശ്‌നം ശാരീരികപരമായിരുന്നില്ല, ഞാൻ താരത്തെ മത്സരം അവസാനിക്കുന്നതിനു തൊട്ടു മുൻപെയാണ് പിൻവലിച്ചത്. ഞങ്ങൾ പ്രതീക്ഷിച്ചതു പോലെ അവസരങ്ങൾ ബെൻസിമക്കു ലഭിച്ചില്ലെന്നതാണ് പ്രശ്‌നം. ഗോളവസരങ്ങൾ ഉണ്ടാക്കുന്നതിൽ ഞങ്ങൾ ബുദ്ധിമുട്ടു നേരിട്ടെങ്കിലും വളരെ സമ്മർദ്ദം നേരിട്ട സമയത്ത് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല."

"ഞാൻ ശുഭാപ്‌തിവിശ്വാസത്തിലാണ്, എന്നാലും രണ്ടാം പാദത്തിൽ ഞങ്ങൾക്ക് മെച്ചപ്പെടേണ്ടതുണ്ട്. ഞങ്ങൾക്കൊരു മത്സരം സ്വന്തം മൈതാനത്തുണ്ട്, എവേ ഗോളിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. പിഎസ്‌ജിക്ക് മുൻതൂക്കമുണ്ടെന്ന കാര്യം വ്യക്തമാണെങ്കിലും അതവർക്കു മതിയാകില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്," മത്സരത്തിനു ശേഷം മാധ്യമങ്ങളോട് ആൻസലോട്ടി പറഞ്ഞു.

"വ്യക്തതയില്ലാത്ത സംഭവങ്ങളുടെ പേരിൽ ഞങ്ങൾക്ക് രണ്ടു മഞ്ഞക്കാർഡുകൾ റഫറി നൽകിയത് ഞാൻ സൂചിപ്പിച്ചിരുന്നു. എംബാപ്പെയെ തടുക്കാൻ കഴിയില്ലെന്നത് യാഥാർഥ്യമാണ്, ഞങ്ങൾ താരത്തെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു. മിലിറ്റാവോ നല്ല രീതിയിൽ അതു ചെയ്‌തെങ്കിലും എംബാപ്പെക്ക് പുതിയൊരു കാര്യവുമായി എപ്പോഴും കടന്നു വരാൻ കഴിയുന്നതിനാൽ താരം അത് അവസാന മിനിറ്റുകളിൽ ചെയ്‌തു," ആൻസലോട്ടി വ്യക്തമാക്കി.

പിഎസ്‌ജി സമ്പൂർണാധിപത്യം സ്ഥാപിച്ച മത്സരത്തിൽ കൂടുതൽ ഗോളുകൾ വഴങ്ങുന്നതിൽ നിന്നും റയൽ മാഡ്രിഡിനെ രക്ഷിച്ച ക്വാർട്ടുവയുടെ പ്രകടനത്തെ ആൻസലോട്ടി പ്രശംസിച്ചു. പിഎസ്‌ജി മൂന്നു ഗോളുകൾക്കെങ്കിലും വിജയം നേടേണ്ട മത്സരം ഇങ്ങിനെ പൂർത്തിയായത് താരത്തിന്റെ മികവു കൊണ്ടാണെന്നു പറഞ്ഞ ആൻസലോട്ടി രണ്ടാം പാദത്തിൽ ഇതിനെ മറികടക്കാൻ കഴിയും എന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit