വിജയത്തിലും റയൽ മാഡ്രിഡ് താരങ്ങൾക്കെതിരെ ആരാധകരുടെ പ്രതിഷേധം, മനസിലാക്കാൻ കഴിയുന്നതെന്ന് കാർലോ ആൻസലോട്ടി


ഷക്തറിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ റയൽ മാഡ്രിഡ് ആരാധകർ ഉയർത്തിയ പ്രതിഷേധം സ്വാഭാവികവും തനിക്കു മനസിലാക്കാൻ കഴിയുന്നതുമാണെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി. മത്സരത്തിൽ റയൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയെങ്കിലും ടീമിലെ താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്ന് കാണികൾ വിസിൽ മുഴക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആൻസലോട്ടി.
"ഇവിടുത്ത അന്തരീക്ഷം എനിക്കറിയാവുന്നതു കൊണ്ടു തന്നെ ആ വിസിലുകൾ എനിക്ക് മനസിലാക്കാൻ കഴിയും. ഈ സ്റ്റേഡിയം താരങ്ങളിൽ നിന്നും കൂടുതൽ ആവശ്യപ്പെടുന്നുണ്ട്. രണ്ടു പകുതികളിലും നല്ല രീതിയിൽ തുടങ്ങിയ ഞങ്ങൾ പിന്നീട് താഴേക്കു പോവുകയും ആക്രമണോത്സുകത ഇല്ലാതാവുകയും ചെയ്തു. അതു സംഭവിക്കാവുന്നതാണ്, ആരാധകർ അപ്പോൾ വിസിലടിച്ച് താരങ്ങളെ ഉണർത്തുന്നതും നല്ലതാണ്." ആൻസലോട്ടി മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Here’s what Ancelotti said about Real Madrid’s win tonight. He discussed:
— Managing Madrid (@managingmadrid) November 3, 2021
-Why he picked Lucas over Hazard
-The whistles at the Bernabéu
-Feeling bad for Marcelo https://t.co/ZheYfarKgE
റയൽ മാഡ്രിഡ് നിരയിൽ ബെൻസിമ, വിനീഷ്യസ്, ക്വാർട്ടുവ എന്നീ താരങ്ങൾ മറ്റുള്ളവരെക്കാൾ ആത്മാർത്ഥതയോടെ കളിച്ചുവെന്നും ആൻസലോട്ടി പറഞ്ഞു. "അവർ മറ്റുള്ളവരെക്കാൾ ഉണർന്നു നിന്നത് സത്യം തന്നെയാണ്. എല്ലാ രീതിയിലും ശ്രമം നടത്തുന്ന ഒരു ടീമാണിത്. അലബയും എഡർ മിലിറ്റാവോയും നല്ല കളി കാഴ്ച വെച്ചിരുന്നു. ക്വാർട്ടുവ, വിനി, ബെൻസിമ എന്നിവർ കാണിച്ചത് ഞാൻ അംഗീകരിക്കുന്നു. പക്ഷെ ഞങ്ങൾ റയൽ മാഡ്രിഡാണ്, ഒരു ടീമാണ്." ആൻസലോട്ടി വ്യക്തമാക്കി.
റയൽ മാഡ്രിഡിനു വേണ്ടി രണ്ടു ഗോളുകളും നേടിയത് കരിം ബെൻസിമ ആയിരുന്നു. ഫ്രഞ്ച് താരത്തിന്റെ ആദ്യത്തെ ഗോളിൽ തന്നെ യൂറോപ്യൻ മത്സരങ്ങളിൽ ആയിരം ഗോളുകൾ തികക്കുന്ന ക്ലബെന്ന നേട്ടം സ്വന്തമാക്കിയ റയൽ മാഡ്രിഡ് വിജയത്തോടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിലെ പോയിന്റ് ടേബിളിൽ ഒൻപതു പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. ഏഴു പോയിന്റുള്ള ഇന്റർ മിലാൻ രണ്ടാം സ്ഥാനത്തു നിൽക്കുന്നു.