റയലിൽ മൂന്നു പ്രധാന താരങ്ങൾക്ക് അവസരം നൽകാത്തതിനെപ്പറ്റിയും ബാഴ്‌സയിലെ പ്രതിസന്ധിയെക്കുറിച്ചും ആൻസലോട്ടി

Sreejith N
Levante v Real Madrid - La Liga Santander
Levante v Real Madrid - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

റയൽ മാഡ്രിഡിൽ മാർകോ അസെൻസിയോ, ഇസ്‌കോ, ലൂക്ക ജോവിച്ച് എന്നീ താരങ്ങൾക്ക് അവസരങ്ങൾ നൽകാത്തതിനെ കുറിച്ചും ബാഴ്‌സലോണ നേരിടുന്ന പ്രതിസന്ധിയെപ്പറ്റിയും സംസാരിച്ച് പരിശീലകൻ കാർലോ ആൻസലോട്ടി. 2023ൽ കരാർ അവസാനിക്കാനിരിക്കുന്ന അസെൻസിയോ റയൽ മാഡ്രിഡിൽ അവസരങ്ങൾ ലഭിക്കാത്തതിൽ അസ്വസ്ഥനാണെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുമ്പോൾ അതു വളരെ സ്വാഭാവികമായ കാര്യമാണെന്നാണ് ആൻസലോട്ടി പ്രതികരിച്ചത്.

"അവസരം ലഭിക്കാത്ത താരങ്ങൾ അസംതൃപ്‌തരാകുന്നതു വളരെ സ്വാഭാവികമായ കാര്യമാണ്. അസെൻസിയോ, ഇസ്‌കോ, ജോവിച്ച് എന്നീ താരങ്ങൾ സംതൃപ്‌തരല്ല എങ്കിൽ അതു സ്വാഭാവികമാണ്, നല്ലതുമാണ്. പക്ഷെ അസെൻസിയോ, ഇസ്‌കോ, ജോവിച്ച് എന്നിവർ നല്ല രീതിയിൽ പരിശീലനം നടത്തുന്നുണ്ട്, അവർക്ക് കളിക്കാൻ അവസരം ലഭിക്കുകയും ചെയ്യും."

"നിലവിൽ കളിച്ചിട്ടുള്ള താരങ്ങളുടെ സ്ഥിതി എനിക്ക് വിശകലനം ചെയ്യേണ്ടതുണ്ട്. അടുത്ത മത്സരത്തിൽ ഏതാനും മാറ്റങ്ങൾ വരുത്തുന്നതിന് കുറിച്ച് ഞാൻ ആലോചിക്കുന്നു, എന്നാൽ അതിനു വേണ്ടി എനിക്ക് പരിശീലന സെഷൻ വിലയിരുത്തണം. ടീമിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നുണ്ട്, പക്ഷെ ലൈനപ്പ് തിരഞ്ഞെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്."

ബാഴ്‌സലോണയുടെ ശൈലിയിൽ നിന്നും കൂമാൻ വ്യതിചലിച്ചു എന്ന ആരോപണം ഉയരുന്നതിനിടെ ഫുട്ബോളിൽ ഫിലോസഫി പ്രാധാന്യമാണോ എന്നതിലും ആൻസലോട്ടി തന്റെ അഭിപ്രായം നൽകി. "നമ്മൾ നന്നായി കളിച്ചാൽ വിജയം നേടാൻ കൂടുതൽ സാധ്യതയുണ്ട്. എന്നാൽ എന്താണ് നന്നായി കളിക്കുകയെന്നു പറഞ്ഞാൽ? അതു നന്നായി പ്രതിരോധിക്കുക എന്നുകൂടി അർത്ഥമാക്കുന്നു."

"എന്നെ സംബന്ധിച്ച് ടീമിന്റെ ബാലൻസാണ് ഏറ്റവും പ്രധാനപ്പെട്ട വാക്ക്, പന്തുള്ളപ്പോഴും ഇല്ലാത്തപ്പോഴും മികച്ച പ്രകടനം നടത്തുക. ശൈലിയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ എല്ലാ പരിശീലകരും ക്ലബിന്റെ ചരിത്രത്തിലേക്കും, ലഭ്യമായ കളിക്കാരുടെ ഗുണങ്ങളിലേക്കും നോക്കേണ്ടതുണ്ട്." ആൻസലോട്ടി പറഞ്ഞു.

ബാഴ്‌സലോണ പരിശീലകന് കീഴിൽ ടീം മോശം പ്രകടനം നടത്തുമ്പോൾ റയൽ മാഡ്രിഡ് മികച്ചു നിൽക്കുന്നതിനെ കുറിച്ചും ആൻസലോട്ടി പറഞ്ഞു. "ഓരോ സീസണിലെയും ചില പ്രത്യേക ഘട്ടങ്ങളിൽ എല്ലാ ടീമുകളും പ്രതിസന്ധി നേരിടും. ഞങ്ങളെ സംബന്ധിച്ച് കാര്യങ്ങൾ നല്ല രീതിയിലാണു മുന്നോട്ടു പോകുന്നത്."

"ആറു മത്സരങ്ങൾ കളിച്ച ഞങ്ങൾ അതിലഞ്ചെണ്ണവും എതിരാളികളുടെ, കടുപ്പമേറിയ സ്റ്റേഡിയങ്ങളിലാണ് കളിച്ചത്. ഈ ടീം തങ്ങളുടെ ധൈര്യം കാണിച്ചു. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സമയത്ത് പരിശീലകർ തന്നെയാണ് അതിനെ മറികടക്കാൻ പണിയെടുക്കേണ്ടത്." ആൻസലോട്ടി വ്യക്തമാക്കി.

facebooktwitterreddit