എംബാപ്പെ, ഹാലൻഡ് അഭ്യൂഹങ്ങളിൽ പ്രതികരിച്ച് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി

Sreejith N
Real Madrid v Cadiz FC - La Liga Santander
Real Madrid v Cadiz FC - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫുട്ബോൾ ആരാധകർ പ്രധാനമായും ഉറ്റുനോക്കുന്നത് ബൊറൂസിയ ഡോർട്മുണ്ട് താരം എർലിങ് ഹാലൻഡ്, പിഎസ്‌ജി താരം കിലിയൻ എംബാപ്പെ എന്നിവരുടെ ട്രാൻസ്‌ഫറുകളിൽ ആയിരിക്കും. നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളും വളരെ ചെറുപ്പവുമായ ഇവർ രണ്ടു പേർക്കും വേണ്ടി വലവിരിച്ച് യൂറോപ്പിലെ ഒട്ടുമിക്ക ക്ലബുകളും രംഗത്തുമുണ്ട്.

ഇവരിൽ ആരെയെങ്കിലും ഒരാളെ സ്വന്തമാക്കാൻ വേണ്ടി യൂറോപ്യൻ ക്ലബുകൾ തമ്മിലുള്ള പോരു മുറുകുമ്പോൾ രണ്ടു പേരും ഒരുമിച്ച് റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന അഭ്യൂഹങ്ങളും ശക്തമാണ്. കഴിഞ്ഞ ദിവസം ഗെറ്റാഫക്കെതിരായ മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആൻസലോട്ടി ഇതുമായി ബന്ധപ്പെട്ട ചോദ്യത്തെ അഭിമുഖീകരിക്കുകയും ചെയ്‌തു.

"അഭ്യൂഹങ്ങളെക്കുറിച്ച് എനിക്കറിയില്ല. ഞങ്ങലിപ്പോൾ ചിന്തിക്കുന്ന ഒരേയൊരു കാര്യം ഈ സീസണിൽ ഇനിയുള്ള എല്ലാ മത്സരങ്ങളിലും പോരാടുക എന്നതാണ്. ഞങ്ങൾക്ക് ലാ ലിഗയുണ്ട്, ബുധനാഴ്‌ച കോപ്പ ഡെൽ റേയുണ്ട്, അതിനു ശേഷം സൗദി അറേബ്യയിൽ വെച്ച് സൂപ്പർകപ്പുമുണ്ട്. ഇതൊരു തിരക്കേറിയ സമയമാണ്. ജൂൺ 30നു ശേഷം എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് ഞാൻ ഏറ്റവുമവസാനം മാത്രമേ ചിന്തിക്കൂ." ആൻസലോട്ടി പറഞ്ഞു.

ഹാലൻഡും എംബാപ്പയും അടുത്ത സീസണിൽ ടീമിലെത്തിയാണ് എങ്ങനെയാവും റയൽ മാഡ്രിഡ് ലൈനപ്പെന്നും ടീം പരാജയം അറിയാതെ കുത്തിക്കുമോ എന്ന ചോദ്യങ്ങൾക്കെല്ലാം ആൻസലോട്ടി പക്വമായാണ് മറുപടി നൽകിയത്. അതേസമയം രണ്ടു താരങ്ങളെയും ഒരുമിച്ച് സ്വന്തമാക്കാനുള്ള സാധ്യതകൾ അദ്ദേഹം തള്ളിക്കളഞ്ഞില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്.

"അപരാജിതരായ ടീമുകളെന്നൊരു സംഗതിയില്ല. എന്നാൽ വളരെ കരുത്തുറ്റ ടീമുകളുണ്ട്. ഈ ക്ലബിന്റെ ഭാവി നേരത്തെ തന്നെ എഴുതി വെക്കപ്പെട്ടതാണ്, ഈ ക്ലബ് എല്ലാറ്റിനും വേണ്ടി മത്സരിക്കുകയും ചെയ്യും. ഭാവിയിൽ കൂടുതൽ കരുത്തു നേടിയാവും അതെന്നും ഉറപ്പാണ്."

"എന്നെ സംബന്ധിച്ച് പ്രാധാന്യമേറിയ കാര്യം - അത് സ്വാർത്ഥതയാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം - ക്ലബിന്റെ പുതിയ സ്റ്റേഡിയം തുറക്കുമ്പോൾ ഞാൻ ഇവിടെയുണ്ടാകണം എന്നാണ്. കളിക്കാർ ആരൊക്കെയെന്നത് എനിക്ക് പ്രധാനമല്ല." ആൻസലോട്ടി വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit