Football in Malayalam

ലാ ലിഗയിൽ ലീഡുയർത്തി റയൽ, ജോവിച്ചിന്റെ സാന്നിധ്യത്തിലും സ്‌ട്രൈക്കർമാരില്ലാതെ കളിക്കുന്നതിനെക്കുറിച്ച് ആൻസലോട്ടി

Sreejith N
Real Madrid v Internazionale - UEFA Champions League
Real Madrid v Internazionale - UEFA Champions League / Soccrates Images/GettyImages
facebooktwitterreddit

കോപ്പ ഡെൽ റേയിൽ അത്‌ലറ്റിക് ബിൽബാവോവെക്കെതിരെ ഞെട്ടിക്കുന്ന തോൽവി വഴങ്ങി പുറത്തായ റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഗ്രനാഡയുമായി ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ വിജയം നേടേണ്ടത് വളരെ അനിവാര്യമായിരുന്നു. കടുപ്പമേറിയ മത്സരമായിരുന്നെങ്കിലും അസെൻസിയോ എഴുപത്തിനാലാം മിനുട്ടിൽ നേടിയ ഒരേയൊരു ഗോളിലാണ് റയൽ വിജയം കുറിച്ചത്.

മത്സരത്തിലെ വിജയത്തോടെ ലാ ലിഗ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ സെവിയ്യയുമായുള്ള പോയിന്റ് വ്യത്യാസം ആറാക്കി മാറ്റാൻ റയൽ മാഡ്രിഡിനു കഴിഞ്ഞു. അതിനു മുൻപു നടന്ന മത്സരത്തിൽ സെവിയ്യ ഒസാസുനയോട് ഗോൾരഹിത സമനില വഴങ്ങിയതാണ് റയലിനു നേട്ടമായത്. റയലിന്റെ വിജയത്തോട് മത്സരത്തിനു ശേഷം കാർലോ ആൻസലോട്ടി പ്രതികരിക്കുകയും ചെയ്‌തു.

"മത്സരം ഞങ്ങൾക്ക് വളരെ കടുപ്പമേറിയ ഒന്നായിരുന്നു. ഞങ്ങൾ നല്ല രീതിയിൽ പ്രതികരിച്ചു, വിജയം നേടുക എന്നതു തന്നെയാണ് ഞങ്ങളുടെ ലക്ഷ്യമുണ്ടായിരുന്നത്. ഞങ്ങൾ വിജയിച്ചു, രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തി, അതു ഞങ്ങൾ അർഹിച്ച കാര്യമാണ്. ഞങ്ങൾ മികച്ച നിമിഷങ്ങളിലല്ല ഉള്ളതെങ്കിലും ടീമിൽ നിന്നും ഞാനിത് പ്രതീക്ഷിച്ചിരുന്നു, ഈ പ്രതികരണവും മൂന്നു പോയിന്റും." ആൻസലോട്ടി പറഞ്ഞു.

കരിം ബെൻസിമ പരിക്കേറ്റു പുറത്തായിട്ടും ടീമിലെ മറ്റൊരു പ്രധാന സ്‌ട്രൈക്കറായ ലൂക്ക ജോവിച്ചിനെ ആദ്യ ഇലവനിൽ ഇറക്കാൻ ആൻസലോട്ടി തയ്യാറായിരുന്നില്ല. ഗ്രനാഡക്കെതിരെ ഇസ്‌കോയെ സ്‌ട്രൈക്കർ പൊസിഷനിൽ ഇറക്കിയ ആൻസലോട്ടി അതിനു മുൻപ് നടന്ന കോപ്പ ഡെൽ റേ മത്സരത്തിൽ മാർക്കോ അസെൻസിയോയെയാണ് കളിപ്പിച്ചത്. ഇതേക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

"കോവിഡ് ബാധിച്ചതിൽ നിന്നും ജോവിച്ച് ഇപ്പോഴും പൂർണമായി പുറത്തു കടന്നിട്ടില്ല. ജോവിച്ചിനു പകരം ഇസ്‌കോയെ ഇറക്കാനാണ് ഞാൻ തീരുമാനിച്ചത്. ജോവിച്ച് നൽകുന്നത് ഇസ്കോക്ക് നൽകാൻ കഴിയില്ലെങ്കിലും ലൈനുകൾക്കിടയിൽ കളിക്കാൻ താരം വളരെ മികച്ചതാണ്. അതേസമയം പിന്നീട് കളിക്കാനിറങ്ങുന്ന ജോവിച്ച് വളരെ ഊർജ്ജം ടീമിനു നൽകുന്നുണ്ട്." ആൻസലോട്ടി വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit