Football in Malayalam

"റയൽ മാഡ്രിഡ് രണ്ടു പോയിന്റുകൾ നഷ്‌ടമാക്കി"- സമനില വഴങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ആൻസലോട്ടി

Sreejith N
Levante v Real Madrid - La Liga Santander
Levante v Real Madrid - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ലെവാന്റക്കെതിരായ ലാ ലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് സമനില വഴങ്ങിയത് നിരാശയാണു സമ്മാനിച്ചതെന്നും ടീമിന്റെ ശ്രദ്ധ നഷ്ടമാകുന്നത് തിരിച്ചടിയാണെന്നും പരിശീലകൻ കാർലോ ആൻസലോട്ടി. ആദ്യപകുതിയിൽ റയൽ മാഡ്രിഡ് മികച്ച പ്രകടനം നടത്തിയെങ്കിലും രണ്ടാം പകുതിയിൽ ലെവാന്റെ രണ്ടു തവണ മുന്നിലെത്തിയിരുന്നു. പകരക്കാരനായിറങ്ങിയ വിനീഷ്യസ് ജൂനിയർ നേടിയ ഇരട്ടഗോളുകളാണ് റയൽ മാഡ്രിഡിനു 3-3ന്റെ സമനില നേടിക്കൊടുത്തത്.

"മത്സരം വളരെ ആവേശം നിറഞ്ഞതായിരുന്നു. ആദ്യപകുതിയെ മികച്ച രീതിയിൽ നിയന്ത്രിച്ചതിനു ശേഷം ഞങ്ങൾ രണ്ടു പോയിന്റ് നൽകുകയായിരുന്നു. അതിന്റെ നിരാശ വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. എല്ലാ സമയത്തും ടീം ശ്രദ്ധ കേന്ദ്രീകരിക്കാൻ വളരെയധികം ശ്രദ്ധിക്കണം. അത് അനിവാര്യമാണ്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആൻസലോട്ടി പറഞ്ഞു.

ലെവാന്റെ രണ്ടാം പകുതിയിൽ ലീഡ് നേടിയതിനു പിന്നാലെ ഇസ്‌കോയെ പിൻവലിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. "ഇസ്‌കോ ടീമിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളായിരുന്നു. എന്നാൽ ഉന്മേഷമുള്ള പുതിയ താരങ്ങളെയാണ് ഞാൻ ഇറക്കിയത്. ഇസ്കോയെയും ബേലിനേയും അതിനു വേണ്ടിയാണ് പിൻവലിച്ചത്. എന്നാൽ പ്രതിരോധം കുറച്ചുകൂടി മെച്ചപ്പെടണം."

വിനീഷ്യസ് ഇരട്ടഗോളുകൾ നേടിയെങ്കിലും താരത്തിന് ടീമിലെ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പില്ലെന്ന സൂചനകളും ആൻസലോട്ടി നൽകി. "വിനീഷ്യ ജൂനിയർക്ക് വളരെയധികം ഗുണങ്ങളുണ്ട്. താരത്തിന്റെ ഗുണങ്ങൾ വെച്ച് ഒരുപാട് ഗോളുകൾ നേടേണ്ടതാണ്. എന്നാൽ താരമൊരു മികച്ച ഗോൾ സ്കോററാണോ എന്ന കാര്യത്തിൽ എനിക്കുറപ്പില്ല."

"വിനീഷ്യസ് വളരെ പ്രധാനപ്പെട്ട താരമാണ്. ചില സമയങ്ങളിൽ മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്യുന്നതിനേക്കാൾ മുഖ്യമായ കാര്യം മത്സരം അവസാനിപ്പിക്കുക എന്നതാണ്. അതുകൊണ്ടു തന്നെ താരം ആദ്യ ഇലവനിൽ ഇറങ്ങിയാലും ഇല്ലെങ്കിലും അതിനു പ്രാധാന്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല." ആൻസലോട്ടി വ്യക്തമാക്കി.

facebooktwitterreddit