കളി നല്ലതോ മോശമോ ആയിക്കൊള്ളട്ടെ, റയൽ മാഡ്രിഡ് അവസാനം വരെ പൊരുതുമെന്ന് ആൻസലോട്ടി


വലൻസിയക്കെതിരായ മത്സരത്തിൽ റയൽ മാഡ്രിഡ് കാഴ്ച വെച്ച പോരാട്ടവീര്യത്തെ പ്രശംസിച്ച് പരിശീലകൻ കാർലോ ആൻസലോട്ടി. എൺപത്തിയാറാം മിനുട്ടു വരെ ഒരു ഗോളിനു പിന്നിലായിരുന്ന റയൽ മാഡ്രിഡ് അതിനു ശേഷമുള്ള രണ്ടു മിനിറ്റുകളിൽ വിനീഷ്യസ് ജൂനിയർ, കരിം ബെൻസിമ എന്നിവർ നേടിയ ഗോളുകളിലാണ് വലൻസിയയുടെ മൈതാനത്ത് വിജയം കണ്ടെത്തിയത്.
"അവരുടെ കളി നല്ലതോ മോശമോ ആയിക്കൊള്ളട്ടെ, അവസാനം വരെ പൊരുതുന്ന ടീമാണ് എനിക്കുള്ളത്. എനിക്കിന്നു അനുഭവം അതായിരുന്നു. ആദ്യപകുതിയിൽ ഞങ്ങൾ നന്നായി കളിച്ചില്ല, പക്ഷെ നല്ല പ്രത്യാക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഞങ്ങൾ പിൻവലിഞ്ഞു കളിച്ചപ്പോൾ ഗോൾ വഴങ്ങാനുള്ള സാധ്യതയും ഉണ്ടായിരുന്നു. രണ്ടാം പകുതിയിൽ ഞങ്ങൾ ഉണർവോടെ അതിനേക്കാൾ മികച്ച രീതിയിൽ കളിച്ചു." ആൻസലോട്ടി പറഞ്ഞു.
Ancelotti salutes Real Madrid fighting spirit after comeback win https://t.co/EAfzqn4OZ4 pic.twitter.com/ykMZWSBVmd
— Reuters (@Reuters) September 20, 2021
സീസൺ ആരംഭിച്ചതിനു ശേഷം റയൽ മാഡ്രിഡിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന ബെൻസിമ, വിനീഷ്യസ് ജൂനിയർ എന്നിവരെ ടീമിന്റെ പ്രകടനത്തിനൊപ്പം ആൻസലോട്ടി പ്രത്യേകം പരാമർശിച്ചു. "വിനീഷ്യസ്, ബെൻസിമ എന്നീ ഫോർവേഡുകളെ ടീമിൽ ലഭിച്ചതു ഭാഗ്യമാണ്. ടീമിലുള്ള എല്ലാവരും എനിക്ക് സംതൃപ്തി നൽകുന്നു."
"ഈഡൻ ഹസാർഡും എഡ്വേർഡോ കാമവിങ്ങയും മികച്ചു നിന്നു. മൂന്നു ഫോർവേഡുകളും അതിശയകരമായി കളിച്ചതിനു പുറമെ രണ്ടാം പകുതിയിൽ അവരാണ് മത്സരം നിയന്ത്രിച്ചിരുന്നത്. അവർ വളരെയധികം അപകടം വിതക്കുകയും ചെയ്തു." ആൻസലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തിൽ വിജയം നേടിയതോടെ അഞ്ചു മത്സരങ്ങളിൽ നിന്നും പതിമൂന്നു പോയിന്റുമായി റയൽ മാഡ്രിഡ് ലാ ലീഗയിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്. അത്രയും മത്സരങ്ങളിൽ നിന്നും പതിനൊന്നു പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് രണ്ടാമതു നിൽക്കുമ്പോ ഇരു ടീമുകളുടെയും പ്രധാന എതിരാളിയായ ബാഴ്സ മൂന്നു മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായി പത്താം സ്ഥാനത്താണ്.