Football in Malayalam

സെർജിയോ റാമോസിന്റെ റയൽ മാഡ്രിഡ് ഭാവിയെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന സൂചനയുമായി ആൻസലോട്ടി

Sreejith N
Chelsea v Real Madrid - UEFA Champions League Semi Final: Leg Two
Chelsea v Real Madrid - UEFA Champions League Semi Final: Leg Two / James Williamson - AMA/Getty Images
facebooktwitterreddit

റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസിന്റെ കരാറുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന സൂചനകൾ നൽകി പരിശീലകനായ കാർലോ ആൻസലോട്ടി. റാമോസ് റയൽ മാഡ്രിഡിൽ തുടരുമോ ഇല്ലയോ എന്ന കാര്യത്തെ സംബന്ധിച്ച് ഇതുവരെ ക്ലബ് നേതൃത്വവുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്നും വരുന്ന ദിവസങ്ങളിൽ അതുണ്ടാകുമെന്നും ആൻസലോട്ടി വ്യക്തമാക്കി.

അതേസമയം ആൻസലോട്ടി ഇല്ലാത്ത റയൽ മാഡ്രിഡിനെപ്പറ്റി താനൊരിക്കലും ചിന്തിച്ചിട്ടില്ലെങ്കിലും അതു നടന്നിട്ടുണ്ടെന്നു പറഞ്ഞ്, റാമോസ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് അദ്ദേഹം ശക്തി പകരുകയും ചെയ്‌തു. "റയൽ മാഡ്രിഡ് എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതുമെന്നാണ് എനിക്കു പറയാനുള്ളത്. ഏറ്റവും മികച്ച സ്ക്വാഡുമായി അതു ഞങ്ങൾ ചെയ്യും. ഞാനിപ്പോൾ ക്ലബിലെത്തിയിട്ടേയുള്ളൂ എന്നതിനാൽ റാമോസിനെ സംബന്ധിച്ച് ക്ലബുമായി എനിക്ക് സംസാരിക്കണം. അത് വരും ദിവസങ്ങളിൽ ഉണ്ടാകും," ആൻസലോട്ടി പറഞ്ഞു.

"ആൻസലോട്ടി ഇല്ലാത്ത റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ലെങ്കിലും അതു സംഭവിച്ചിട്ടുണ്ട്. ഈ തിരിച്ചുവരവ് വളരെ വേഗത്തിലായിരുന്നു. എനിക്കു സ്‌ക്വാഡിനെ കുറിച്ച് സംസാരിക്കാനുള്ള സമയമായിട്ടില്ല. തിരിച്ചുവരാൻ കഴിഞ്ഞതിലും റാമോസടക്കം മുൻപുണ്ടായിരുന്ന ഏതാനും താരങ്ങൾക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിയുന്നതിലും എനിക്ക് സന്തോഷമുണ്ട്."

റയൽ മാഡ്രിഡിനൊപ്പം ആക്രമണത്തിലൂന്നിയ ശൈലിയായിരിക്കും പുറത്തെടുക്കാൻ ശ്രമിക്കുകയെന്നും ആൻസലോട്ടി പറഞ്ഞു. കരിം ബെൻസിമ മുപ്പതു ഗോളുകൾക്ക് പകരം അൻപതു ഗോളുകൾ നേടേണ്ട താരമാണെന്നും വിനീഷ്യസ് ജൂനിയർ ഇതിനേക്കാൾ ഗോളുകൾ കണ്ടത്തേണ്ടതുണ്ടെന്നും പറഞ്ഞ ആൻസലോട്ടി മുന്നേറ്റനിര താരങ്ങളുടെ മൂർച്ച വർധിപ്പിക്കുമെന്നു തന്നെയാണ് വ്യക്തമാക്കുന്നത്.

പുതിയ സ്‌ട്രൈക്കറെ ടീമിന് ആവശ്യമില്ലെന്നും ആൻസലോട്ടിയുടെ വാക്കുകൾ സൂചിപ്പിക്കുന്നു. യുവതാരങ്ങളിൽ വളരെയധികം പ്രതീക്ഷയുണ്ടെന്നും കൂടുതൽ ഗോളുകൾ നേടുകയെന്ന ലക്ഷ്യത്തിനായി മുപ്പതിലധികം ഗോളുകൾ നേടുന്ന ഒരു സ്‌ട്രൈക്കറെ ടീമിലെത്തിക്കുന്നതിനു പകരം വിങ്ങർമാർ കൂടുതൽ ഗോളുകൾ കണ്ടെത്തുന്നതിനാണു ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit