Football in Malayalam

ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ നറുക്കെടുപ്പിൽ സംഭവിച്ചത് പിഴവ്, അതിൽ കൂടുതൽ ഒന്നുമല്ല: കാർലോ ആൻസലോട്ടി

Haroon Rasheed
Athletic Club v Real Madrid CF - La Liga Santander
Athletic Club v Real Madrid CF - La Liga Santander / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ തെറ്റ് സംഭവിച്ചതിനെ കുറിച്ച് മനസ്സ് തുറന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോസ് ആന്‍സലോട്ടി. എ.എസിന് നല്‍കിയ അഭിമുഖത്തിൽ അതിനെ ഒരു സങ്കടകരമായ സാഹചര്യമെന്നും, വ്യക്തമായ തെറ്റെന്നും വിശേഷിപ്പിച്ച ആൻസലോട്ടി, അത് ഒരു പിഴവിൽ കൂടുതൽ ഒന്നുമല്ലെന്നും അഭിപ്രായപ്പെട്ടു.

ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ്-16 നറുക്കെടുപ്പിൽ ബെൻഫിക്കയെ ആദ്യം എതിരാളികളായി ലഭിച്ച റയൽ മാഡ്രിഡിന്, സാങ്കേതിക പിഴവ് സംഭവിച്ചത് മൂലം നറുക്കെടുപ്പ് അസാധുവാക്കുകയും വീണ്ടും നടത്തുകയും ചെയ്തപ്പോൾ ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിയെയാണ് പ്രീ-ക്വാർട്ടർ എതിരാളികളായി ലഭിച്ചത്. ഇക്കാര്യത്തിൽ റയൽ മാഡ്രിഡ് അന്ന് തുറന്നടിക്കുകയും ചെയ്‌തിരുന്നു.

"അതൊരു സങ്കടകരമായ സാഹചര്യവും, വ്യക്തമായ ഒരു തെറ്റുമായിരുന്നു. അത് ഒരു പിഴവായിരുന്നു, അതിൽ കൂടുതൽ ഒന്നുമല്ല.
ഇനി പി.എസ്.ജിക്കെതിരായ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. [ഈയിടെ ഉണ്ടായ] കോവിഡ് വ്യാപനത്തിന് മുൻപ് ടീം ഉണ്ടായിരുന്ന അതെ നിലയിൽ മത്സരത്തിലേക്ക് പോകണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം. പരുക്കുകളൊന്നും ഇല്ലാതെ ആര്‍ക്കും രോഗമൊന്നും ബാധിക്കാതെ ഫെബ്രുവരിയില്‍ എത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്," ആന്‍സലോട്ടി വ്യക്തമാക്കി.

പിഎസ്‌ജി, ബയേൺ, ലിവർപൂൾ തുടങ്ങിയ മികച്ച ടീമുകളുള്ള ചാമ്പ്യൻസ് ലീഗിൽ നിന്ന് എന്താണ് റയൽ പ്രതീക്ഷിക്കുന്നതെന്ന് ചോദിച്ചപ്പോൾ, തങ്ങൾ അവസാനം വരെ പോരാടും എന്നതാണ് തനിക്ക് ചെയ്യാൻ കഴിയുന്ന വാഗ്ദാനമെന്ന് ആൻസലോട്ടി വ്യക്തമാക്കി.

"മാഡ്രിഡ് അവസാനം വരെ പോരാടും എന്നതാണ് എനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്നത്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് എഡിഷനിൽ ഒരു ക്ലിയർ ഫേവറിറ്റ് ഇല്ല. നിങ്ങൾ സൂചിപ്പിച്ച ടീമുകൾ, ബയേൺ, ലിവർപൂൾ, പിഎസ്‌ജി എന്നിവർ. അത് പോലെ മാഡ്രിഡും, അത്ലറ്റിക്കോയും. അതെ, ഇത്തരം യൂറോപ്പ്യൻ പോരാട്ടങ്ങളിൽ വലുതെന്തെങ്കിലും ചെയ്യാൻ അത്ലറ്റിക്കോ മാഡ്രിഡിന് കഴിയും. നല്ല ഫുട്ബോൾ കളിക്കുന്ന സ്പാനിഷ് ക്ലബുകൾക്ക് എല്ലാ യൂറോപ്യൻ ടൂര്ണമെന്റുകൾക്ക് വേണ്ടിയും പോരാടാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്," ആൻസലോട്ടി പറഞ്ഞു.

അതേ സമയം, ഫെബ്രുവരി 16ന് പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടിലാണ് റയല്‍ മാഡ്രിഡും പി.എസ്.ജിയും തമ്മിലുള്ള ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരം. അതിന് ശേഷം, മാര്‍ച്ച് പത്തിന് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദ മത്സരവും നടക്കും.


facebooktwitterreddit