എൽ ക്ലാസിക്കോ മത്സരത്തിനു പിന്നാലെ റൊണാൾഡ് കൂമാനു പിന്തുണ നൽകുന്ന വാക്കുകളുമായി കാർലോ ആൻസലോട്ടി


ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസികോ മത്സരത്തിൽ ബാഴ്സലോണക്കെതിരെ വിജയം നേടിയതിനു പിന്നാലെ സ്ഥാനം നഷ്ടപ്പെടാനിടയുള്ള പരിശീലകൻ റൊണാൾഡ് കൂമാനു പിന്തുണ നൽകി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം നേടിയ മത്സരത്തിനു ശേഷം കൂമാനരികിൽ എത്തിയാണ് ഇറ്റാലിയൻ പരിശീലകൻ തന്റെ പിന്തുണ അറിയിച്ചത്.
ലയണൽ മെസിയടക്കമുള്ള താരങ്ങൾ ക്ലബ് വിട്ടതും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ താരങ്ങളെ സ്വന്തമാക്കാൻ കഴിയാത്തതും ബാഴ്സലോണയെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഈ സീസണിൽ മോശം ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ക്ലബിൽ നിന്നും റൊണാൾഡ് കൂമാനെ ഒഴിവാക്കണം എന്ന ആവശ്യം ആരാധകരിൽ ഒരു വിഭാഗം ശക്തമായി ഉയർത്തുന്നുണ്ട്.
Ancelotti offers support to Koeman https://t.co/88GN0c5zGy
— MARCA in English (@MARCAinENGLISH) October 25, 2021
എന്നാൽ എൽ ക്ലാസിക്കോ മത്സരത്തിനു ശേഷം തന്റെ പരിപൂർണ പിന്തുണ കൂമാനു നൽകുകയായിരുന്നു ആൻസലോട്ടി. മത്സരം അവസാനിച്ചതിനു ശേഷം കൂമാനരികിൽ ചെന്ന് "ഇതൊരു കടുപ്പമേറിയ ജോലിയാണ്, മുന്നോട്ടു പോവുക" എന്നാണു ആൻസലോട്ടി പറഞ്ഞത്. ഇരുവരും തമ്മിൽ സൗഹൃദത്തോടെ കുറച്ചു നേരം സംസാരിക്കുകയും ചെയ്തിരുന്നു.
മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിലും ബഹുമാനം പുലർത്തുന്ന വാക്കുകളാണ് ആൻസലോട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. വളരെ പ്രധാനപ്പെട്ട മത്സരമായ എൽ ക്ലാസിക്കോ വിജയിച്ചതിൽ സന്തോഷമുണ്ടെന്നു പറഞ്ഞ അദ്ദേഹം ബാഴ്സ മികച്ച പ്രകടനമാണ് നടത്തിയതെന്നും പറഞ്ഞു. മത്സരം വിജയിക്കുക അത്ര എളുപ്പമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.