Football in Malayalam

താൻ പറയാത്ത കാര്യങ്ങൾ പോലും മൈതാനത്തു ചെയ്യുന്നവരാണ് റയൽ മാഡ്രിഡിലെ മൂന്നു താരങ്ങളെന്ന് കാർലോ ആൻസലോട്ടി

Sreejith N
Luka Modric, Toni Kroos, Casemiro
Luka Modric, Toni Kroos, Casemiro / Helios de la Rubia / Contributor / Getty Images
facebooktwitterreddit

ഗ്രനഡക്കെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ മികച്ച വിജയം നേടി ലാ ലിഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തിയതിനു പിന്നാലെ റയൽ മാഡ്രിഡ് മധ്യനിരയിലെ മൂവർസംഘമായ ക്രൂസ്, കസമീറോ, മോഡ്രിച്ച് എന്നിവരെ പ്രശംസിച്ച് പരിശീലകൻ കാർലോ ആൻസലോട്ടി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം നേടിയ മത്സരത്തിൽ ഈ മൂന്നു താരങ്ങളാണ് ടീമിന്റെ നാല് ഗോളുകൾക്കും അസിസ്റ്റ് നൽകിയത്.

ഈ മൂന്നു താരങ്ങളും താൻ പറയാത്ത കാര്യങ്ങൾ പോലും മൈതാനത്ത് നടപ്പിലാക്കുന്നവരാണെന്നാണ് ആൻസലോട്ടി പറയുന്നത്. വളരെക്കാലമായി തങ്ങളുടെ ഫോം നിലനിർത്തി പോരുന്ന ഈ താരങ്ങൾ പത്തു വർഷങ്ങൾ കഴിഞ്ഞാലും ഇതേ നിലവാരത്തിൽ കളിച്ചു കൊണ്ടിരിക്കുമെന്നും ഇറ്റാലിയൻ പരിശീലകൻ തമാശ രൂപത്തിൽ പറഞ്ഞു.

"കൂടുതലൊന്നും പറയാനില്ല, ഈ മൂന്നു താരങ്ങളുടെയും നിലവാരം വളരെ ഉയർന്നതാണ്. എന്നെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങൾ ഇവരാണ്. അവർ മൂന്നാളും കളിക്കുന്ന രീതി എന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. കാരണം, ഞാൻ പറയാത്ത കാര്യങ്ങൾ പോലും അവർ ചെയ്യും, അത് സ്വാഭാവികമായി വരുന്നതാണ്."

"അവർ മുൻപ് ഇവിടെ ഉണ്ടായിരുന്നു, ഇപ്പോഴും ഇവിടെയുണ്ട്. പത്തു വർഷത്തിനുള്ളിൽ ഭാവി എന്തായിരിക്കുമെന്ന് ഞങ്ങൾ കാണും. അതിനായി ഞങ്ങൾക്ക് കമവിങ്ങയും വാൽവെർദെയും ബ്ലാങ്കോയുമുണ്ട്," റയൽ മാഡ്രിഡിന്റെ വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആൻസലോട്ടി പറഞ്ഞു.

റയൽ മാഡ്രിഡിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുകയും ഗോൾ കണ്ടെത്തുകയും ചെയ്‌ത അസെൻസിയോയെയും ആൻസലോട്ടി പ്രശംസിച്ചു. അടുത്ത മത്സരത്തിൽ ടീമിൽ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാതിരുന്ന അദ്ദേഹം കുറവ് മത്സരങ്ങൾ കളിച്ച താരങ്ങളിലും തനിക്ക് വിശ്വാസമുണ്ടെന്നും വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit