ഹസാർഡ് കളിക്കാത്തത് താൻ മറ്റു താരങ്ങളെ പരിഗണിക്കുന്നതു കൊണ്ടാണെന്ന് കാർലോ ആൻസലോട്ടി

Sreejith N
Real Madrid v Celta de Vigo - La Liga Santander
Real Madrid v Celta de Vigo - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

റയൽ മാഡ്രിഡ് ടീമിൽ ഈഡൻ ഹസാർഡിന് അവസരങ്ങൾ കുറയുന്നതിനെക്കുറിച്ച് പ്രതികരിച്ച് പരിശീലകൻ കാർലോ ആൻസലോട്ടി. ഹസാർഡിനു ടീമിലെ പ്രധാന താരമാവാൻ കഴിയുമെങ്കിലും താൻ പരിഗണിക്കുന്നത് മറ്റു കളിക്കാരെയാണെന്ന് ആൻസലോട്ടി വ്യക്തമാക്കി. എൽ ക്ലാസിക്കോ മത്സരത്തിൽ ഹസാർഡ് മുഴുവൻ സമയവും ബെഞ്ചിൽ തുടർന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ആൻസലോട്ടി.

"4-4-3 ശൈലിയാണെൽ ഇടതുവശത്തും 4-4-2 ശൈലിയാണെങ്കിൽ സ്‌ട്രൈക്കറുടെ മുന്നിലോ പിന്നിലോ കളിക്കാൻ ഹസാർഡിനു കഴിയും. താരം കളിക്കാൻ തയ്യാറുമാണ്. എന്നാൽ യഥാർത്ഥ പ്രശ്‌നം എന്താണെന്നു വെച്ചാൽ പരിശീലകൻ പരിഗണിക്കുന്നത് മറ്റു കളിക്കാരെയാണ്. നിരവധി പരിക്കുകൾ പറ്റിയതിനാൽ റയൽ മാഡ്രിഡിൽ ഹസാർഡ് സൂപ്പർതാരമായിട്ടില്ല, എന്നാൽ മെല്ലെ മെല്ലെ താരം ഏറ്റവും മികച്ച പ്രകടനത്തിലേക്കെത്തും."

"ഈ സീസണിൽ താരം തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്ന് എനിക്കുറപ്പാണ്, നിലവിൽ കളിക്കുന്നതിനേക്കാൾ കൂടുതൽ മത്സരങ്ങളിൽ ഹസാർഡ് ഇറങ്ങുകയും ചെയ്യും. ഹസാർഡിന് വേണ്ടതെല്ലാമുണ്ട്. നിലവാരവും പ്രചോദനവുമെല്ലാം. എന്നാൽ താരം ക്ഷമയോടെ തുടരണം, എന്താണ് സംഭവിക്കുന്നത് എന്നുവെച്ചാൽ പരിശീലകൻ പരിഗണിക്കുന്നത് ടീമിലെ മറ്റു കളിക്കാരെയാണ്." ആൻസലോട്ടി വ്യക്തമാക്കി.

2019ൽ ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷം പരിക്കിന്റെ ഒരു നീണ്ട കാലഘട്ടത്തിലൂടെ കടന്നു പോയ ഹസാർഡിനു തന്റെ ഫോമിന്റെ അടുത്തെത്താൻ പോലും ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ആൻസലോട്ടിക്ക് കീഴിൽ എട്ടു മത്സരങ്ങൾ കളിച്ച് ഒരു അസിസ്റ്റ് മാത്രമാണ് ബെൽജിയൻ താരം സ്വന്തമാക്കിയിട്ടുള്ളത്.

facebooktwitterreddit