Football in Malayalam

പിഎസ്‌ജിക്കെതിരെ തിരിച്ചുവരവ് നടത്താനാകും, റയൽ മാഡ്രിഡിന്റെ വമ്പൻ ജയത്തിൽ പ്രതികരിച്ച് ആൻസലോട്ടി

Sreejith N
Real Madrid CF v Real Sociedad - La Liga Santander
Real Madrid CF v Real Sociedad - La Liga Santander / Anadolu Agency/GettyImages
facebooktwitterreddit

റയൽ സോസിഡാഡിനെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് നേടിയ വമ്പൻ ജയത്തോടു പ്രതികരിച്ച് പരിശീലകൻ കാർലോ ആൻസലോട്ടി. ഒന്നിനെതിരെ നാലു ഗോളുകൾക്ക് നേടിയ വിജയം പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും റയൽ തിരിച്ചുവരുമെന്ന് കൂടുതൽ കരുതുന്നതായും ആൻസലോട്ടി പറഞ്ഞു.

പത്താം മിനുട്ടിൽ മൈക്കൽ ഒയാർസാബാലിന്റെ ഗോളിൽ റയൽ സോസിഡാഡ് മുന്നിലെത്തിയതിനു ശേഷമാണ് റയൽ മാഡ്രിഡ് നാലു ഗോളുകൾ തിരിച്ചടിച്ചത്. കരിം ബെൻസിമ, ലൂക്ക മോഡ്രിച്ച് എന്നിവർ ഓരോ ഗോളും അസിസ്റ്റും സ്വന്തമാക്കിയപ്പോൾ മാർക്കോ അസെൻസിയോ, എഡ്വാർഡോ കമവിങ്ങ എന്നിവരാണ് റയൽ മാഡ്രിഡിന്റെ മറ്റു ഗോളുകൾ നേടിയത്.

"റയൽ മാഡ്രിഡ് ആരാധകർ ഇതോടെ തിരിച്ചു വരവിൽ കൂടുതൽ വിശ്വസിക്കുമെന്നു കരുതുന്നു. ലാ ലിഗയെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ ഒരു മത്സരമായിരുന്നു ഇത്, അതു ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. ഞങ്ങൾക്ക് അതെ തീവ്രത നിലനിർത്തണം. ഈ പ്രകടനം ആവർത്തിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു." ആൻസലോട്ടി മത്സരത്തിനു ശേഷം പറഞ്ഞു.

മത്സരത്തിൽ സാധാരണയെക്കാൾ ഉയർന്ന തലത്തിൽ റയൽ മാഡ്രിഡ് പ്രസ് ചെയ്‌തു കളിച്ചതിനെക്കുറിച്ചും ആൻസലോട്ടി പറഞ്ഞു. "കുറച്ചു കൂടി ഉയർന്ന തലത്തിൽ പ്രസ് ചെയ്യുക എന്നതു തന്നെയായിരുന്നു ഞങ്ങളുടെ പദ്ധതി, അത് വിജയം കണ്ടു. പദ്ധതി കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞതോടെ ബുധനാഴ്‌ചയും അതു ചെയ്യാൻ ഞങ്ങൾക്ക് അവസരമുണ്ട്." ആൻസലോട്ടി കൂട്ടിച്ചേർത്തു.

ലീഗിൽ രണ്ടാം സ്ഥാനക്കാരായ സെവിയ്യ കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങുകയും റയൽ മാഡ്രിഡ് വിജയം നേടുകയും ചെയ്‌തതോടെ പോയിന്റ് ടേബിളിലെ ലീഡ് വർധിപ്പിക്കാൻ ലോസ് ബ്ലാങ്കോസിനു കഴിഞ്ഞിട്ടുണ്ട്. ഇരുപത്തിയേഴു മത്സരങ്ങൾ കളിച്ച റയൽ മാഡ്രിഡിന് അറുപത്തിമൂന്ന് പോയിന്റുള്ളപ്പോൾ സെവിയ്യക്ക് അൻപത്തിയഞ്ചു പോയിന്റാണുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit