റയൽ മാഡ്രിഡിന്റെ പ്രത്യാക്രമണ ശൈലിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി കാർലോ ആൻസലോട്ടി
By Sreejith N

ബാഴ്‌സലോണക്കെതിരെ നടന്ന സ്‌പാനിഷ് സൂപ്പർകപ്പ് സെമി ഫൈനലിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടി റയൽ മാഡ്രിഡ് ഫൈനലിൽ എത്തിയെങ്കിലും ക്ലബിൽ കാർലോ ആൻസലോട്ടി നടപ്പിലാക്കുന്ന പ്രത്യാക്രമണശൈലിക്കു നേരെ പല ഭാഗത്തു നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കെ ഈ വിമർശനങ്ങൾക്ക് ഇറ്റാലിയൻ പരിശീലകൻ മറുപടി നൽകുകയുണ്ടായി.
ബാഴ്‌സലോണക്കെതിരെ നടന്ന മത്സരത്തിനു ശേഷം ജെറാർഡ് പിക്വ അടക്കമുള്ള താരങ്ങളും മറ്റു പലരും പിൻവലിഞ്ഞു കളിച്ച് പ്രത്യാക്രമണം നടത്തുന്ന റയൽ മാഡ്രിഡിന്റെ ശൈലിയെ വിമർശിച്ചിരുന്നു. എന്നാൽ പ്രത്യാക്രമണശൈലി നടപ്പിലാക്കാൻ അത്ര എളുപ്പമുള്ള ഒന്നല്ലെന്നും റയൽ മാഡ്രിഡ് അത് ഏറ്റവും മനോഹരമായാണ് കളിക്കളത്തിൽ നടപ്പിലാക്കുന്നതെന്നും ഇതിനു മറുപടിയായി ആൻസലോട്ടി പറഞ്ഞു.
"I'm proud to say that Real Madrid play on the counter, because it's not easy to do that."
— MARCA in English (@MARCAinENGLISH) January 15, 2022
Ancelotti had a message for the critics ? #RealMadrid https://t.co/ZON2xKhp2f
"റയൽ മാഡ്രിഡിനു പ്രത്യാക്രമണത്തിൽ കളിക്കാൻ കഴിയും എന്നു പറയുന്നതിൽ എനിക്ക് അഭിമാനമാണുള്ളത്, കാരണം അത് എളുപ്പമുള്ള കാര്യമല്ല. ഉദാഹരണത്തിന് ബാഴ്‌സലോണക്കെതിരെ ഞങ്ങളുടെ പ്രത്യാക്രമണങ്ങൾ ലോങ്ങ് ബോളുകൾ ആയിരുന്നില്ല, പകരം ഒരുപാട് പാസുകളായിരുന്നു. ഞങ്ങൾ വിജയഗോൾ നേടുമ്പോൾ ആറോളം താരങ്ങളാണ് അവരുടെ ഏരിയയിൽ ഉണ്ടായിരുന്നത്."
"ചിലർ പറയും ഞങ്ങൾ പിൻവലിഞ്ഞു കളിച്ച് പ്രതിരോധം മാത്രം നടപ്പാക്കുകയാണെന്ന്. എന്നാൽ ഈ സീസണിലെ ലാ ലിഗയിൽ ഞങ്ങൾ മറ്റേതൊരു ടീമിനെക്കാളും കൂടുതൽ ഗോളുകൾ നേടിയിട്ടുണ്ട്. ഏറ്റവും പൂർണമായൊരു കേളീശൈലി എന്നൊന്നില്ല. ഞാൻ എല്ലാ തരത്തിലുള്ള ശൈലിയെയും ബഹുമാനിക്കുന്ന വ്യക്തിയാണ്." ഫൈനലിനു മുൻപേയുള്ള പത്രസമ്മേളനത്തിൽ ആൻസലോട്ടി പറഞ്ഞു.
ഫൈനലിൽ റയൽ മാഡ്രിഡ് എതിരിടാൻ തയ്യാറെടുക്കുന്ന അത്‌ലറ്റിക് ക്ലബിനെക്കുറിച്ച് ആൻസലോട്ടി മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. ഡിസംബറിൽ അവർക്കെതിരെ രണ്ടു തവണ കളിച്ചിട്ടുണ്ടെന്നും ആക്രമണത്തിലും പ്രതിരോധത്തിലും സെറ്റ് പീസുകളിലും മികവ് കാണിക്കുന്ന ടീം ഒപ്പം നിൽക്കുന്ന പ്രകടനമാണ് നടത്തിയതെന്നും ആൻസലോട്ടി പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.