"ഞാനാണ് ദിവസവും താരങ്ങളെ കാണുന്നത്"- റയലിന്റെ പുറത്താവലിനു പിന്നാലെ ഉയരുന്ന വിമർശനങ്ങൾക്കു മറുപടി പറഞ്ഞ് ആൻസലോട്ടി


കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയോടു തോറ്റ് റയൽ മാഡ്രിഡ് പുറത്തായതിനു ശേഷം തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി പരിശീലകൻ കാർലോ ആൻസലോട്ടി. മത്സരത്തിൽ ഹസാർഡ് അടക്കമുള്ള താരങ്ങളെ കളത്തിലിറക്കാത്തതിന്റെ പേരിൽ ഉണ്ടാകുന്ന വിമർശനങ്ങളോട് എല്ലാ ദിവസവും താരങ്ങളുടെ പരിശീലനം കാണുന്നത് താനാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ലീഗിൽ റയൽ മാഡ്രിഡ് മുന്നിൽ തന്നെയാണെങ്കിലും 2014നു ശേഷം ഇതുവരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത കോപ്പ ഡെൽ റേയിൽ നിന്നുള്ള പുറത്താവലിൽ ആരാധകർ വളരെയധികം അസ്വസ്ഥരാണ്. കരിം ബെൻസിമയുടെ അഭാവം റയലിനു തിരിച്ചടി നൽകിയ ഘടകമാണെങ്കിലും ആൻസലോട്ടിയുടെ ടീം സെലെക്ഷനെയും പലരും മത്സരത്തിനു ശേഷം വിമർശിച്ചിരുന്നു.
"I’ve been managing the squad well because I’m the one who sees the players every day."
— Managing Madrid (@managingmadrid) February 5, 2022
"Every club has their Benzema, who they really miss when he’s out."
"It’s nothing personal and nothing physical with Hazard."
That’s some Ancelotti quotes. More here. https://t.co/gAPNjLuCkU
"ഞാനാണ് എല്ലാ ദിവസവും കളിക്കാരെ കാണുന്നത്. എനിക്ക് വേദനയില്ല, ഈ നിമിഷങ്ങളിലൂടെ കടന്നു പോവുകയെന്നത് ശീലമാണ്. റയൽ മാഡ്രിഡ് പരിശീലകൻ എന്ന നിലയിൽ നിങ്ങൾക്ക് എപ്പോഴും തീരുമാനങ്ങൾ എടുക്കേണ്ടി വരും. ചിലപ്പോൾ നിങ്ങൾ ശരിയാകും, ചിലപ്പോൾ തെറ്റാകും, അത് പുതിയ കാര്യമല്ല." ആൻസലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തിൽ ഹസാർഡിനോട് വാം അപ്പ് ചെയ്യാൻ പറഞ്ഞതിനു ശേഷം താരത്തെ ബെഞ്ചിലേക്കു തന്നെ ആൻസലോട്ടി തിരിച്ചു വിട്ടപ്പോൾ ചിരിക്കുന്ന ബേലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേക്കുറിച്ചും പ്രതികരിച്ച ഇറ്റാലിയൻ പരിശീലകൻ ആ തീരുമാനത്തിന്റെ കാരണവും വ്യക്തമാക്കി.
"ഞാനത് കണ്ടിരുന്നില്ല, എന്തിനാണ് ബേൽ ചിരിച്ചതെന്നും എനിക്കറിയില്ല, അതെനിക്ക് പ്രധാനപ്പെട്ട കാര്യവുമല്ല. ഞാൻ ഹസാർഡിനെ എക്സ്ട്രാ ടൈമിൽ കളിപ്പിക്കാനാണു കരുതിയത്. അതാണ് താരം വാം അപ്പ് ചെയ്യാൻ കാരണമായത്." ആൻസലോട്ടി പറഞ്ഞു.
കോപ്പ ഡെൽ റേ പുറത്താകലിന്റെ ക്ഷീണം മറികടക്കാൻ ഇന്നു രാത്രി ഗ്രനാഡയെ നേരിടാൻ തയ്യാറെടുക്കയാണ് റയൽ മാഡ്രിഡ്. ഇന്ത്യൻ സമയം ഇന്നു രാത്രി ഒന്നരക്ക് നടക്കുന്ന മത്സരത്തിലും കരിം ബെൻസിമ ഇറങ്ങില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.