ഗാരെത് ബേൽ വീണ്ടും പ്രീമിയർ ലീഗിലേക്കോ, ഈ സീസണു ശേഷം താരം ക്ലബ് വിടുമെന്നു സ്ഥിരീകരിച്ച് കാർലോ ആൻസലോട്ടി


ഈ സീസണു ശേഷം വെയിൽസ് മുന്നേറ്റനിര താരമായ ഗാരെത് ബേൽ റയൽ മാഡ്രിഡ് വിടുമെന്നു സ്ഥിരീകരിച്ച് പരിശീലകൻ കാർലോ ആൻസലോട്ടി. ഒരാഴ്ചയിൽ ആറു ലക്ഷം പൗണ്ടെന്നു റിപ്പോർട്ട് ചെയ്യപ്പെട്ട വമ്പൻ പ്രതിഫലം വാങ്ങി 2016ൽ റയലുമായി കരാർ പുതുക്കിയ ഗാരെത് ബേലിന്റെ കോണ്ട്രാക്റ്റ് ഈ സീസണോടെ അവസാനിക്കുന്നതോടെ താരം ക്ലബ് വിടുമെന്നാണ് ഇറ്റാലിയൻ പരിശീലകൻ വ്യക്തമാക്കിയത്.
"ബേലിന് പരിക്കുകൾ ഉണ്ടായിരുന്നു, കരാറും അവസാനിക്കാൻ പോവുകയാണ്. ബേലിനിപ്പോൾ നല്ല പ്രചോദനം ലഭിക്കുന്നില്ല, എങ്കിലും താരം അർഹിക്കുന്നതു പോലെ ഇവിടെത്തന്നെ സീസൺ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നു. ബേലിന് ഇവിടെത്തന്നെ തന്റെ കരിയർ മികച്ച രീതിയിൽ പൂർത്തിയാക്കേണ്ടത് പ്രധാനമാണ്." ബേലിന്റെ ഭാവിയെക്കുറിച്ച് കാർലോ ആൻസലോട്ടി പറഞ്ഞത് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്തു.
Gareth Bale will leave Real Madrid in June, Carlo Ancelotti confirms: “Bale has had injuries, then his contract ends - he may not have had a good motivation but he wants to finish here as he deserves”. ⚪️??????? #RealMadrid
— Fabrizio Romano (@FabrizioRomano) February 14, 2022
“It’s important for Bale to finish his career well here”. pic.twitter.com/E5cad3FhD7
റയൽ മാഡ്രിഡിനൊപ്പം ഒട്ടനവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായ, നിരവധി നിർണായക ഘട്ടങ്ങളിൽ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ബേലെങ്കിലും പരിക്കും മോശം ഫോമും താരത്തിനു തിരിച്ചടിയായിരുന്നു. റയൽ മാഡ്രിഡിൽ ലഭിക്കുന്ന പ്രതിഫലം മറ്റൊരു ക്ലബിൽ നിന്നും ലഭിക്കില്ലെന്നതിനാൽ ലോസ് ബ്ലാങ്കോസ് വിടാനുള്ള ഓഫറുകൾ താരം തള്ളിക്കളഞ്ഞതിന്റെ പേരിൽ വിമർശനങ്ങളും താരം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.
റയൽ മാഡ്രിഡ് വിട്ടാൽ ഗാരെത് ബേൽ തന്റെ മുൻ ക്ലബായ ടോട്ടനം ഹോസ്പറിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകളും ശക്തമാണ്. 2020-21 സീസണിൽ ടോട്ടനത്തിനായി ലോണിൽ കളിച്ച താരം വെറും പത്തു പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമേ ആദ്യ ഇലവനിൽ കളിച്ചിട്ടുള്ളൂവെങ്കിലും ക്ലബിനായി 34 മത്സരങ്ങളിൽ നിന്നും 16 ഗോളുകൾ നേടിയിട്ടുണ്ട്. ഉപയോഗപ്പെടുത്തിയാൽ ഇനിയും തിളങ്ങാൻ താരത്തിനു കഴിയുമെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.
അതിനിടയിൽ ബേൽ ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന റിപ്പോർട്ടുകളും വന്നിരുന്നെങ്കിലും ഖത്തർ ലോകകപ്പിന് വെയിൽസ് ലോകകപ്പ് യോഗ്യത നെടുമോയെന്നതിനെ ആശ്രയിച്ചായിരിക്കും ആ തീരുമാനമെന്നാണ് ഏറ്റവും പുതിയ വിവരം. വെയിൽസ് ലോകകപ്പ് യോഗ്യത നേടിയാൽ താരം വീണ്ടും കളിക്കളത്തിൽ തുടരുമെന്നും അതല്ലെങ്കിൽ വിരമിക്കുമെന്നുമാണ് അഭ്യൂഹങ്ങളുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.