പിഎസ്ജിക്കെതിരെ ബെൻസിമക്കു പകരം ബേൽ കളിക്കുമോ? വിയ്യാറയലിനെതിരെ സമനില വഴങ്ങിയതിനെക്കുറിച്ചും ആൻസലോട്ടി


പരിക്കേറ്റു പുറത്തിരിക്കുന്ന കരിം ബെൻസിമ പിഎസ്ജിക്കെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കുമെന്നുറപ്പിക്കാൻ കഴിയാത്തതിനാൽ പകരക്കാരനായി സ്ട്രൈക്കർ പൊസിഷനിൽ ഗാരെത് ബേലിനെ ഇറക്കാനുള്ള സാധ്യത തള്ളിക്കളയാതെ കാർലോ ആൻസലോട്ടി. വിയ്യാറയലിനെതിരെ റയൽ മാഡ്രിഡ് സമനില വഴങ്ങിയ മത്സരത്തിൽ വളരെ നാളുകൾക്കു ശേഷം ആദ്യ ഇലവനിൽ കളിച്ച ബേൽ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.
"ബേൽ പിഎസ്ജിക്കെതിരെ ആദ്യ ഇലവനിൽ കളിക്കുമോ എന്നെനിക്കറിയില്ല. ഞങ്ങൾ അടുത്ത ദിവസങ്ങളിൽ എന്താണ് സംഭവിക്കുകയെന്നു കാത്തിരിക്കേണ്ടതുണ്ട്. എല്ലാവരെയും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ എനിക്കുണ്ട്. കളിക്കാൻ അവസരം ലഭിച്ചതിനു താരം തിരിച്ചു നൽകി. അപകടകാരിയായിരുന്ന താരം ഗോൾ നേടേണ്ടതായിരുന്നു. ആവശ്യപ്പെട്ട പ്രകടനം താരം നൽകി." ആൻസലോട്ടി മത്സരത്തിനു ശേഷം പറഞ്ഞു.
Should Real Madrid start Gareth Bale in Paris on Tuesday? ? #RealMadrid https://t.co/cTIBfaGUaL
— MARCA in English (@MARCAinENGLISH) February 12, 2022
വിയ്യാറയലിനെതിരെ റയൽ സമനിലയിൽ കുരുങ്ങിയതിനെ കുറിച്ചും ആൻസലോട്ടി പറഞ്ഞു. "കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ഞങ്ങൾ ഗോളുകളുടെ അഭാവം നേരിടുന്നുണ്ട്. കൃത്യതയും ഭാഗ്യവും ഉണ്ടെങ്കിൽ ഞങ്ങൾ ഗോൾ നേടുമായിരുന്നു. മൂന്നു വൺ ഓൺ വൺ സാഹചര്യം മത്സരത്തിൽ ഉണ്ടായി, രണ്ടു തവണ ഞങ്ങളുടെ ഷോട്ട് ക്രോസ് ബാറിൽ അടിച്ചു തെറിക്കുകയും ചെയ്തു."
"ടീം അവസരങ്ങൾ സൃഷ്ടിച്ചെടുക്കാതെ വരുമ്പോഴാണ് ഞാൻ അവരെക്കുറിച്ച് ആശങ്കപ്പെടുന്നത്. ഞങ്ങൾ കുറേക്കൂടി കൃത്യത കൈവരിക്കണമായിരുന്നു. പക്ഷെ ആദ്യ പകുതിയിൽ ഞാൻ ടീമിനെക്കുറിച്ച് ആശങ്കപ്പെട്ടു, അവർക്ക് ആ സമയത്ത് ആത്മാർഥത ഉണ്ടായിരുന്നില്ല." ആൻസലോട്ടി മാധ്യമങ്ങളോട് സംസാരിക്കേ വ്യക്തമാക്കി.
മത്സരത്തിൽ നിരന്തരമായ ഫൗളുകൾക്ക് വിധേയനായ വിനീഷ്യസ് ജൂനിയറിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. "എനിക്കതിൽ ഒട്ടും ആശങ്കയില്ല, ഇതൊക്കെ സംഭവിക്കുമെന്ന് താരത്തിനറിയാം. മത്സരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നല്ല പ്രകടനം പുറത്തെടുത്ത താരം ഇത്തരം കാര്യങ്ങളിലല്ല തന്റെ ഊർജ്ജം ചിലവാക്കേണ്ടത്." ആൻസലോട്ടി വ്യക്തമാക്കി.
മത്സരത്തിൽ സമനില വഴങ്ങിയതോടെ ലീഗ് കിരീടത്തിനായുള്ള പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള സെവിയ്യയെക്കാൾ നാല് പോയിന്റ് മാത്രം മുന്നിലാണ് റയൽ മാഡ്രിഡ് നിൽക്കുന്നത്. റയൽ മാഡ്രിഡിന് ഇരുപത്തിനാലു മത്സരങ്ങളിൽ നിന്നും അമ്പതിനാല് പോയിന്റുള്ളപ്പോൾ സെവിയ്യക്ക് അത്രയും മത്സരങ്ങളിൽ നിന്നും അമ്പതു പോയിന്റാണുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.