പുതുവർഷത്തിലെ തോൽവിയുടെ ക്ഷീണം മാറ്റി റയൽ മാഡ്രിഡ് നേടിയ മികച്ച വിജയത്തിൽ പ്രതികരിച്ച് കാർലോ ആൻസലോട്ടി

Alcoyano v Real Madrid - Copa Del Rey
Alcoyano v Real Madrid - Copa Del Rey / Quality Sport Images/GettyImages
facebooktwitterreddit

അൽകോയാനോക്കെതിരെ നടന്ന കോപ്പ ഡെൽ റേ മത്സരത്തിൽ റയൽ മാഡ്രിഡ് നേടിയ മികച്ച വിജയത്തിൽ സംതൃപ്‌തി പ്രകടിപ്പിച്ച് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. പുതുവർഷത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഗെറ്റാഫയോട് റയൽ മാഡ്രിഡ് തോൽവി വഴങ്ങിയപ്പോൾ ടീമിലെ താരങ്ങൾ ഇപ്പോഴും വെക്കേഷനിൽ തന്നെയാണെന്നു പറഞ്ഞ ആൻസലോട്ടി ഇന്നലത്തെ മത്സരത്തിനു ശേഷം അതു തിരുത്തുകയും ചെയ്‌തു.

ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം നേടിയതെങ്കിലും സ്വന്തം മൈതാനത്ത് റയലിനെതിരെ മികച്ച പോരാട്ടം നടത്താൻ അൽകോയാനോക്ക് കഴിഞ്ഞിരുന്നു. മിലിറ്റാവോയുടെ ഗോളിൽ മുന്നിലെത്തിയ റയൽ രണ്ടാം പകുതിയിൽ ഒരു ഗോൾ വഴങ്ങിയെങ്കിലും അസെൻസിയോ നേടിയ ഗോളും ഒരു സെൽഫ് ഗോളും റയൽ മാഡ്രിഡിനു വിജയം സമ്മാനിക്കുകയായിരുന്നു.

മത്സരത്തിൽ റയൽ മാഡ്രിഡിൽ നിന്നും കൂടുതൽ മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് ആൻസലോട്ടിയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ഞങ്ങൾ വ്യത്യസ്‌തമായ ഒരു മത്സരത്തിനു വേണ്ടിയാണ് തയ്യാറെടുത്തിരുന്നത്. ഡുവെൽസും സെറ്റ്‌ [പീസുകളും കൊണ്ട്. ഞങ്ങൾ ചെയ്യേണ്ടിയിരുന്ന കളി ഞങ്ങൾക്ക് കാഴ്‌ച വെക്കാൻ കഴിഞ്ഞു." മത്സരത്തിൽ ടീം വളരെയധികം ബുദ്ധിമുട്ടിയെന്നും ആൻസലോട്ടി സമ്മതിച്ചു.

"തീർച്ചയായും ഞങ്ങൾ ബുദ്ധിമുട്ടി. വ്യക്തിഗത പ്രകടനങ്ങൾ കൊണ്ടും നിലവാരം കൊണ്ടും അവർ മത്സരത്തിൽ ഞങ്ങളുടെ ഒപ്പമെത്തി. എന്നാൽ ഞങ്ങൾ മനോനില നഷ്‌ടമാകാതെ ഞങ്ങളുടെ മത്സരം കളിച്ചു. ഞങ്ങൾ തയ്യാറെടുത്തു വന്നത് ഇങ്ങിനെ കളിക്കാനായിരുന്നു എന്നതിനാൽ മറ്റൊരു മത്സരം കളിക്കാൻ കഴിയില്ലായിരുന്നു."

"റയൽ താരങ്ങൾ ഇന്നു വെക്കേഷൻ നീട്ടിയില്ല. ഞങ്ങൾ വളരെ തൃപ്തരാണ്. നിലവാരമുള്ള രീതിയിൽ ഇത്തരം മത്സരങ്ങളിൽ കളിക്കാൻ കഴിയില്ലെന്നതിനാൽ തന്നെ ഇതു ഞങ്ങളുടെ മത്സരം ആയിരുന്നില്ല. നിലവാരമുള്ള കളി എന്നതു മാറ്റി വെച്ച് പൊരുതുകയെന്നതാണ് വേണ്ടി വന്നത്. ഇവിടെ ഞങ്ങൾ പൊരുതിയില്ല എങ്കിൽ കഴിഞ്ഞ വർഷത്തേതു പോലെ തോറ്റു പോകുമായിരുന്നു." ആൻസലോട്ടി വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.