ബാഴ്‌സലോണക്ക് ആധിപത്യമുണ്ടായിരുന്നില്ല, രണ്ടു ടീമുകളും തുല്യശക്തികളായിരുന്നുവെന്ന് കാർലോ ആൻസലോട്ടി


സ്‌പാനിഷ് സൂപ്പർകപ്പ് സെമി ഫൈനലിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെതിരെ ബാഴ്‌സലോണ ആധിപത്യം സ്ഥാപിച്ചുവെന്ന സാവിയുടെ വാദങ്ങളെ തള്ളി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. മത്സരത്തിൽ രണ്ടു ടീമുകളും തുല്യമായ രീതിയിലുള്ള പ്രകടനമാണ് നടത്തിയതെന്നു പറഞ്ഞ ആൻസലോട്ടി ബാഴ്‌സലോണ ഇനിയും വളരെയധികം മെച്ചപ്പെടുമെന്നും അഭിപ്രായപ്പെട്ടു.
"ഇതുപോലെയുള്ള മത്സരങ്ങൾക്ക് ടീം തയ്യാറെടുത്തിരുന്നു. രണ്ടു ടീമുകളും തുല്യമായ ഒരു മത്സരമാണിത്. തുടക്കത്തിലും കൗണ്ടർ അറ്റാക്കിങ്ങിലും ഞങ്ങൾ വളരെയധികം മികച്ചു നിന്നു, അവസാനം ക്ഷീണം ഉണ്ടായിരുന്നെങ്കിലും ഗോളുകൾ വഴങ്ങാതെ പിടിച്ചു നിന്നു.പ്രത്യാക്രമണം വളരെ ഫലപ്രദമായിരുന്നു. സ്‌പാനിഷ് ഫുട്ബോളിന്റെ ഒരു നല്ല ചിത്രമാണത്."
Carlo Ancelotti showed Barcelona some respect ? pic.twitter.com/flZWxscxMO
— ESPN FC (@ESPNFC) January 12, 2022
"ബാഴ്‌സലോണ മികച്ച പ്രകടനം നടത്തിയെങ്കിലും മത്സരത്തിൽ രണ്ടു ടീമുകളും സമയമായിരുന്നു. അവർ ക്രോസുകളിൽ ഞങ്ങൾക്ക് വളരെ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചു. അത് സാധാരണ ഉണ്ടാകാറുള്ള കാര്യമല്ല." ആൻസലോട്ടി പറഞ്ഞു. ബാഴ്‌സലോണ റയൽ മാഡ്രിഡിനെക്കാൾ ആധിപത്യം പുലർത്തിയെന്ന സാവിയുടെ വാക്കുകൾ അദ്ദേഹം തള്ളുകയും ചെയ്‌തു.
"ഞാനത് അംഗീകരിക്കില്ല, ഇതൊരു തുല്യമായ മത്സരം തന്നെയായിരുന്നു. ആദ്യപകുതിയിൽ ദൗർഭാഗ്യം കൊണ്ടാണ് ഞങ്ങളൊരു ഗോൾ വഴങ്ങിയത്. രണ്ടാം പകുതി കുറച്ചു കൂടി തുല്യതയാർന്ന പോരാട്ടമായിരുന്നു. ആർക്കും ആധിപത്യം പുലർത്താൻ കഴിഞ്ഞില്ല."
"ഞങ്ങൾ കൂടുതലും പ്രത്യാക്രമണത്തിലേക്ക് വീഴുകയായിരുന്നു. മൂന്നു ഗോളുകളും വളരെ മികച്ചതായി. സമ്മർദ്ദം ചെലുത്തി മുന്നേറ്റങ്ങൾ സഘടിപ്പിക്കാൻ പ്രയാസമായതിനാലാണ് ഞങ്ങൾ പ്രത്യാക്രമണങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തത്."
"ബാഴ്‌സലോണക്ക് വളരെ മികച്ചൊരു സ്ക്വാഡുണ്ട്. പരിക്കിൽ നിന്നും മുക്തരായി ഏതാനും താരങ്ങൾ കൂടിയെത്തിയ ഈ ടീം വളരെയധികം മെച്ചപ്പെടുമെന്നതിൽ സംശയമില്ല." ആൻസലോട്ടി വ്യക്തമാക്കി.