"ഞങ്ങൾക്ക് ഏറ്റവും നല്ല മത്സരം കളിക്കാനായില്ല"- റയൽ സമനിലയിൽ കുരുങ്ങിയതിനെക്കുറിച്ച് ആൻസലോട്ടി

Sreejith N
Real Madrid CF v Villarreal CF - La Liga Santander
Real Madrid CF v Villarreal CF - La Liga Santander / Denis Doyle/Getty Images
facebooktwitterreddit

പുതിയ സീസൺ ആരംഭിച്ചതിനു ശേഷം മികച്ച പ്രകടനവുമായി കുതിച്ചിരുന്ന റയൽ മാഡ്രിഡ് വിയ്യാറയലിനോട് സമനിലയിൽ കുരുങ്ങിയതിൽ പ്രതികരണവുമായി പരിശീലകൻ കാർലോ ആൻസലോട്ടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്താൻ ടീമിനു കഴിഞ്ഞില്ലെന്നു പറഞ്ഞ അദ്ദേഹം പക്ഷെ ടീമിന്റെ മുന്നോട്ടു പോക്കിൽ സംതൃപ്‌തി പ്രകടിപ്പിച്ചു.

റയൽ മാഡ്രിഡിന്റെ മൈതാനത്തു നടന്ന പോരാട്ടത്തിൽ ഉനെ എമറി പരിശീലിപ്പിക്കുന്ന വിയ്യാറയൽ ലോസ് ബ്ലാങ്കോസിനെ ഗോൾരഹിത സമനിലയിലാണു തളച്ചത്. വാൽവെർദെയെ റൈറ്റ് ബാക്കായും അസെൻസിയോയെ മധ്യനിരയിലും ഇറക്കിയ റയൽ മാഡ്രിഡിനെതിരെ വിയ്യാറയലിനു പോസെഷനിൽ മുൻ‌തൂക്കം ഉണ്ടായിരുന്നതിനു പുറമെ അവർ പലപ്പോഴും ആക്രമണം കൊണ്ടും ഭീതി സൃഷ്‌ടിച്ചിരുന്നു.

"ഇതു ഞങ്ങളുടെ ഏറ്റവും മികച്ച രാത്രിയായിരുന്നില്ല, ഞങ്ങൾക്ക് ഈ സീസണിലെ ഞങ്ങളുടെ ഏറ്റവും മികച്ച മത്സരം കളിക്കാൻ കഴിഞ്ഞില്ല. വിയ്യാറയൽ ഞങ്ങളുടെ ഗോൾകീപ്പർക്ക് വളരെ അധികം ജോലി സൃഷ്‌ടിക്കുകയും, ഞങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്‌തു. പക്ഷെ, ഞങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരുന്നു."

വിനീഷ്യസ്, ഹസാർഡ്, അസെൻസിയോ, ഇസ്‌കോ, ബെൻസിമ എന്നീ താരങ്ങളെ ഒരുമിച്ച് ഇറക്കിയതു കൊണ്ട് മധ്യനിരയിൽ ലൂക്ക മോഡ്രിച്ചിനും കസമീറോക്കും വളരെയധികം ഏരിയ കവർ ചെയ്യേണ്ടി വന്നുവെന്നും അതവർക്കു മികച്ച പ്രകടനം നടത്താൻ തടസമായെന്നും ആൻസലോട്ടി സൂചിപ്പിച്ചു. അതേസമയം ഫെഡെ വാൽവെർദെക്ക് എല്ലാ പൊസിഷനിലും കളിക്കാൻ കഴിയുമെന്നതു കൊണ്ട് താരത്തെ റൈറ്റ് ബാക്കായി ഇറക്കിയ തീരുമാനത്തിൽ തെറ്റൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിൽ വിജയം കൈവിട്ടെങ്കിലും ഏഴു മത്സരങ്ങളിൽ നിന്നും പതിനേഴു പോയിന്റുമായി റയൽ മാഡ്രിഡ് തന്നെയാണ് ഇപ്പോഴും ലാ ലീഗയിൽ മുന്നിൽ നിൽക്കുന്നത്. ചാമ്പ്യൻസ് ലീഗിലെ അടുത്ത മത്സരത്തിൽ ഷെരിഫ് ടിറസ്‌പോളിനെ നേരിടുന്ന റയലിന് അതിനു ശേഷം എസ്പാന്യോളാണ് എതിരാളികൾ.

facebooktwitterreddit