2022 ഖത്തർ ലോകകപ്പിലെ തന്റെ ഫേവറിറ്റുകൾ ആരെന്ന് വ്യക്തമാക്കി കാർലോസ് പുയോൾ

2022 ഫിഫ ലോകകപ്പിലെ തന്റെ ഫേവറിറ്റുകൾ ആരെന്ന് വ്യക്തമാക്കി ബാഴ്‌സലോണയുടെയും സ്‌പെയ്‌നിന്റെയും ഇതിഹാസമായ കാർലോസ് പുയോൾ. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനാണ് ഖത്തർ ലോകകപ്പിൽ പുയോള്‍ സാധ്യത കല്‍പ്പിക്കുന്നത്.
"എന്നെ സംബന്ധിച്ചിടത്തോളം പ്രധാന ഫേവറിറ്റുകൾ ഫ്രാൻസാണ്. കാരണം അവർക്ക് ഒരുപാട് താരങ്ങളുണ്ട്, ഒരുപാട് ടാലന്റ് ഉണ്ട്. അവർ വളരെ സമ്പൂർണ്ണരായ ഒരു ടീമാണ്. അവർ ഇതിനകം ചാമ്പ്യന്മാരായിട്ടുണ്ട്, അവർക്ക് (അതിനുള്ള) വഴി നന്നായി അറിയാം," പുയോൾ പറഞ്ഞതായി ബോലവിപ് റിപ്പോർട്ട് ചെയ്‌തു.
"സ്‌പെയിൻ പോലുള്ള മറ്റ് ടീമുകളുണ്ട്, അവർക്ക് ഒരു മികച്ച പങ്ക് വഹിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. പക്ഷെ അവർക്ക് ഞാൻ പ്രധാന ഫേവറിറ്റുകൾ എന്ന പദവി നൽകുന്നില്ല. കാരണം ആ (പ്രധാന ഫേവറിറ്റുകൾ എന്ന) സമ്മർദ്ദം അവർ ചുമക്കേണ്ടതില്ല. പക്ഷെ, വളരെയധികം ഗുണനിലവാരമുള്ള, ധൈര്യമുള്ള ഒരു പറ്റം യുവ താരങ്ങളും, (ടീമിനെ) സഹായിക്കാൻ കഴിയുന്ന അനുഭവപരിചയമുള്ള മറ്റുള്ളവരും അവർക്കുണ്ട്," പുയോൾ കൂട്ടിച്ചേർത്തു.
ലോകകപ്പിൽ ഓസ്‌ട്രേലിയക്കും ഡെന്മാർക്കിനും ട്യുണീഷ്യക്കുമൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഫ്രാൻസുള്ളത്. അതേ സമയം, ജർമനിയും കോസ്റ്റ റിക്കയും ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പ് ഈയിലാണ് സ്പെയിൻ. ഈ വർഷം നവംബർ 21ന് തുടങ്ങി, ഡിസംബർ 18ന് അവസാനിക്കുന്ന 2022 ഫിഫ ലോകകപ്പ്, ഖത്തറിലെ അഞ്ച് നഗരങ്ങളിൽ എട്ട് വേദികളിലായാണ് നടക്കുക.