Football in Malayalam

അഗ്യൂറോയുടെ സ്ഥിതി ഗുരുതരമില്ലെങ്കിലും അസുഖം വീണ്ടും വന്നേക്കാമെന്ന് മെഡിക്കൽ വിദഗ്‌ദർ

Sreejith N
FC Barcelona v Deportivo Alaves - La Liga Santander
FC Barcelona v Deportivo Alaves - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ഡീപോർറ്റീവോ അലാവസുമായി നടന്ന ലാ ലിഗ മത്സരത്തിനിടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് കളിക്കളത്തിൽ നിന്നും പിൻവലിക്കപ്പെട്ട ബാഴ്‌സലോണ താരം സെർജിയോ അഗ്യൂറോയുടെ അസുഖവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങളുമായി മെഡിക്കൽ വിദഗ്ദർ. അർജന്റീനിയൻ താരത്തിന്റെ നിലവിലെ അവസ്ഥ ഗുരുതരമല്ലെങ്കിലും കൃത്യമായ ജാഗ്രത ഇക്കാര്യത്തിൽ വേണമെന്നാണ് അവർ പറയുന്നത്.

അലാവസുമായി നടന്ന ലാ ലിഗ മത്സരം നാൽപതു മിനുട്ട് പിന്നിട്ടപ്പോഴാണ് സെർജിയോ അഗ്യൂറോ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചു തുടങ്ങിയത്. തുടർന്ന് മെഡിക്കൽ സ്റ്റാഫുകളെത്തി പ്രാഥമിക ശുശ്രൂഷ നൽകുകയും താരത്തെ കളിക്കളത്തിൽ നിന്നും പിൻവലിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. അതിനു ശേഷം നടത്തിയ പരിശോധനകളിൽ ഹൃദയമിടിപ്പിൽ വ്യതിയാനം ഉണ്ടാകുന്ന അസുഖമാണ് അഗ്യൂറോക്കെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

അസുഖബാധിതനായ താരത്തിന് മൂന്നു മാസത്തോളം വിശ്രമം വേണമെന്നു ബാഴ്‌സലോണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യം മെഡിക്കൽ ഓഫീസർമാർ വ്യക്തമാക്കിയത്. മത്സരത്തിനു പതിനാലു ദിവസം മുൻപും സമാനമായ അവസ്ഥ അഗ്യൂറോക്ക് വന്നിരുന്നുവെന്നും അസുഖത്തിന്റെ മാരകമായ തലത്തിൽ ആയിരുന്നെങ്കിൽ താരത്തിന് കരിയർ തന്നെ നഷ്ടമായേനെയെന്നും പുവേർട്ട ഡി ഹിയറോ ആശുപത്രിയിലെ ഡോക്ടർ ഇഗ്‌നാസിയോ ഫെർണാണ്ടസ് ലോസാനോ പറഞ്ഞു.

താരത്തിന്റെ കരിയർ മുഴുവൻ ഇതുമായി ബന്ധപ്പെട്ടു കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും എക്കോകാർഡിയോഗ്രാഫി, സ്ട്രെങ്ത്, ഓക്സിജൻ ടെസ്റ്റുകൾ നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം അപകടകരമല്ലെങ്കിലും ഇതു വീണ്ടും വരാനിടയുള്ള ഒന്നാണെന്നും സ്ഥിരം ചികിത്സയിലും അതിനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

താരത്തിനു വീണ്ടും കളിക്കാൻ കഴിയുമെന്നു തന്നെയാണ് കരുതുന്നതെങ്കിലും അത്‌ലറ്റുകൾ വളരെ ഉയർന്ന ആവശ്യങ്ങൾ നിറവേറ്റേണ്ടവരാണ് എന്നതു കൊണ്ട് അതേക്കുറിച്ച് കൃത്യമായി പറയാൻ കഴിയില്ലെന്നും ലോസാനോ പറയുന്നു. ഏതു തരത്തിലാണ് അഗ്യൂറോയുടെ അസുഖം പ്രകടമാകുന്നത് എന്നതിനെ അത് ആശ്രയിച്ചിരിക്കുമെന്നും ഡോക്ടർ വ്യക്തമാക്കി.


facebooktwitterreddit