Football in Malayalam

പെപ് ഗ്വാർഡിയോളയെ അനുകരിക്കാൻ ശ്രമിച്ചതാണ് ഇറ്റലിക്കു തിരിച്ചടിയായതെന്ന് ഫാബിയോ കാപല്ലോ

Sreejith N
Capello Says Imitating Guardiola's Style Without Quality Cost Italy
Capello Says Imitating Guardiola's Style Without Quality Cost Italy / Jonathan Moscrop/GettyImages
facebooktwitterreddit

2022 ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ ഇറ്റലി പുറത്തു പോകാൻ കാരണം വർഷങ്ങളായി പെപ് ഗ്വാർഡിയോളയുടെ ശൈലി അനുകരിക്കാൻ ടീം നടത്തുന്ന ശ്രമങ്ങളുടെ കൂടി ഭാഗമായാണെന്ന് ഫാബിയോ കാപല്ലോ. മതിയായ നിലവാരം ഇല്ലാതെ ഗ്വാർഡിയോളയുടെ ശൈലിയിലേക്ക് പോകാൻ ശ്രമിച്ചത് ഇറ്റലിക്ക് തിരിച്ചടി നൽകിയെന്നും ജർമൻ ശൈലിയാണ് ടീമിന് കൂടുതൽ ചേരുകയെന്നും അദ്ദേഹം പറഞ്ഞു.

2022 യൂറോ കപ്പിൽ ഏവരുടെയും മനം കവർന്ന പ്രകടനം നടത്തി കിരീടം സ്വന്തമാക്കുകയും അപരാജിത കുതിപ്പിന്റെ റെക്കോർഡ് സ്വന്തമാക്കുകയും ചെയ്‌തതിനു ശേഷമാണ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ പുറത്തു പോയത്. നോർത്ത് മാസിഡോണിയക്കെതിരെ നടന്ന പ്ലേ ഓഫിൽ ആധിപത്യം പുലർത്തിയെങ്കിലും അവസാനനിമിഷം വഴങ്ങിയ ഗോളിൽ തോൽവി പിണഞ്ഞാണ് ടീം പുറത്തായത്.

"വിശദീകരിക്കുക വളരെ എളുപ്പമാണ്. ഞങ്ങൾ മതിയായ നിലവാരം ഇല്ലാതെ പെപ് ഗ്വാർഡിയോളയുടെ ഫുട്ബോൾ ശൈലി പതിനഞ്ചു വർഷത്തോളമായി അനുകരിക്കുകയാണെന്ന് ഞാൻ കുറെ കാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ്." സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ മുൻ ഇറ്റാലിയൻ താരവും റയൽ മാഡ്രിഡ്, യുവന്റസ്, മിലാൻ തുടങ്ങിയ ക്ലബുകളുടെ പരിശീലകനുമായിരുന്ന കാപല്ലോ പറഞ്ഞു.

"ഊർജ്ജവും കരുത്തും വിശ്വാസവും എല്ലാം കൂടുതൽ ഉണ്ടായിരുന്ന മാസിഡോണിയ കായികപരമായി ഞങ്ങൾക്കു മുന്നിലായിരുന്നു. എല്ലാം വളരെ വ്യക്തമാണ്. ഞങ്ങൾ അനുകരിക്കേണ്ടത് ശൈലി ജർമനിയുടെയും ക്ളോപ്പിന്റെയുമാണെന്നും മനസ്സിലായിട്ടുണ്ട്. വളരെ ഉയർന്ന സാങ്കേതിക സ്വന്തമായുള്ള സ്‌പാനിഷ്‌ ശൈലി അനുകരിച്ചാൽ ഞങ്ങൾ വളരാൻ പോകുന്നില്ല. അതിനു കഴിയുകയുമില്ല." അദ്ദേഹം പറഞ്ഞു.

തുടർച്ചയായ രണ്ടാമത്തെ പ്രാവശ്യമാണ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ പുറത്തു പോകുന്നതെന്നത് ടീമിനുള്ളിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണെന്ന സൂചനകൾ വ്യക്തമാക്കി നൽകുന്നുണ്ട്. ഇറ്റലിയെ റെക്കോർഡ് കുതിപ്പിലേക്ക് നയിക്കുകയും യൂറോ കിരീടം സ്വന്തമാക്കി നൽകുകയും ചെയ്‌ത റോബർട്ടോ മാൻസിനിയുടെ സ്ഥാനം തെറിക്കുമോയെന്നാണ് ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit