Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഴാം നമ്പർ ജേഴ്‌സി റൊണാൾഡോക്ക് അണിയാൻ കഴിയുമോ? പ്രീമിയർ ലീഗ് നിയമം പറയുന്നതിങ്ങനെ...

Sreejith N
Manchester United v Newcastle United - Premier League
Manchester United v Newcastle United - Premier League / Alex Livesey/Getty Images
facebooktwitterreddit

ആരാധകരെ ആവേശത്തിലാഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രാൻസ്‌ഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചതു മുതൽ ഉയരുന്ന പ്രധാനപ്പെട്ട മറ്റൊരു സംശയമാണ് താരത്തിന്റെ ജേഴ്‌സി നമ്പർ ഏതായിരിക്കുമെന്നത്. വളരെക്കാലമായി റൊണാൾഡോ ഏഴാം നമ്പർ ജേഴ്‌സിയാണ് വിവിധ ക്ലബുകളിലായി ഉപയോഗിക്കുന്നത് എങ്കിലും നിലവിൽ എഡിൻസൺ കവാനിയുടെ കയ്യിലുള്ള ജേഴ്‌സി സീസൺ ആരംഭിച്ചതിനാൽ റൊണാൾഡോക്ക് ലഭിക്കില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ സീസൺ ആരംഭിച്ചെങ്കിലും റൊണാൾഡോക്ക് ഏഴാം നമ്പർ ജേഴ്‌സി ഉപയോഗിക്കാൻ കഴിയുമെന്നും പ്രീമിയർ ലീഗ് നിയമം അതിനു അനുവദിക്കുന്നുണ്ടെന്നുമാണ് ഇഎസ്‌പിഎൻ ജേർണലിസ്റ്റായ ഡെയ്ൽ ജോൺസൺ വെളിപ്പെടുത്തുന്നത്. പക്ഷെ, ഇതിനായി കവാനി ക്ലബ് വിടുകയോ, അതല്ലെങ്കിൽ പ്രീമിയർ ലീഗ് നേതൃത്വം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അഭ്യർത്ഥന മാനിച്ച് ഇക്കാര്യത്തിൽ പ്രത്യേക ഇളവു നൽകുകയോ വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുത്തതിനു ശേഷം ഒഴിവു ദിവസങ്ങൾ നീട്ടി ലഭിച്ചതിനെ തുടർന്ന് ടീമിനൊപ്പം ചേരാൻ വൈകിയ കവാനി ഇതുവരെയും മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളത്തിലിറങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് നേതൃത്വത്തോട് അഭ്യർത്ഥന നടത്തി അത് അംഗീകരിക്കപ്പെട്ടാൽ യുറുഗ്വായ് താരത്തിന്റെ കയ്യിലുള്ള തന്റെ പ്രിയപ്പെട്ട ജേഴ്‌സി നമ്പർ റൊണാൾഡോക്ക് ലഭിക്കും.

അതേസമയം ഒരു താരത്തിനു ലഭിച്ച ജേഴ്‌സി നമ്പർ സീസൺ ആരംഭിച്ചതിനു ശേഷം മറ്റൊരു താരത്തിനു നൽകാൻ പ്രീമിയർ ലീഗ് നേതൃത്വം ഇതുവരെയും അനുവദിച്ച ചരിത്രമില്ലെന്നും ഡെയ്ൽ ജോൺസൻ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ റൊണാൾഡോക്ക് ഏഴാം നമ്പർ ലഭിക്കാനുള്ള സാധ്യത കുറവാണെങ്കിലും കിട്ടിയാൽ അതു ചരിത്രസംഭവമായിരിക്കും. അതേസമയം ഏഴാം നമ്പർ ജേഴ്‌സിയല്ലെങ്കിൽ സ്പോർട്ടിങ് ലിസ്ബണിൽ കരിയർ ആരംഭിക്കുബോൾ അണിഞ്ഞിരുന്ന ഇരുപത്തിയെട്ടാം നമ്പർ ജേഴ്‌സിയാണ് റൊണാൾഡോ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit