Transfers

ചുവാമെനിയുമായി സംസാരിച്ചിരുന്നു, താരം റയൽ മാഡ്രിഡിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കമവിങ്ങ

Sreejith N
Camavinga Hopes Tchouameni Will Join Real Madrid
Camavinga Hopes Tchouameni Will Join Real Madrid / Sylvain Lefevre/GettyImages
facebooktwitterreddit

മൊണോക്കോ മധ്യനിര താരമായ ഒറേലിയൻ ചുവാമെനി റയൽ മാഡ്രിഡിൽ എത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് ഫ്രഞ്ച് സഹതാരമായ എഡ്വാഡോ കമവിങ്ങ. നൂറു മില്യൺ യൂറോയുടെ ട്രാൻസ്‌ഫറിൽ 22 വയസുള്ള താരത്തെ സ്വന്തമാക്കാൻ റയൽ ധാരണയിലെത്തിയെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു കമവിങ്ങ.

ലിവർപൂൾ, പിഎസ്‌ജി ടീമുകൾക്ക് ചുവാമെനിയിൽ താൽപര്യം ഉണ്ടെങ്കിലും താരത്തിന് റയൽ മാഡ്രിഡിലേക്ക് ചേക്കേറാനാണ് താൽപര്യമെന്നാണ് അഭ്യൂഹങ്ങൾ. ഫ്രഞ്ച് ദേശീയ ടീം ക്യാമ്പിൽ വെച്ച് ചുവാമെനിയുമായി സംസാരിച്ചുവെന്നും താരം റയൽ മാഡ്രിഡിൽ എത്തുമെന്നാണ് കരുതുന്നതെന്നും കമവിങ്ങ എൽ എക്വിപ്പെയോട് വ്യക്തമാക്കി.

"അതു രസകരമായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ഞാൻ ഫ്രാൻസ് ടീമിൽ വെച്ച് താരത്തെ കണ്ടുമുട്ടിയിരുന്നു. താരം വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇതുവരെ അതെന്താവും എന്ന് എനിക്കറിയില്ല, പക്ഷെ ഞാൻ താരത്തോട് സംസാരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ അതു നമുക്ക് കാണാൻ കഴിയും." കമവിങ്ങ പറഞ്ഞു.

ബോർഡിയൂവിൽ നിന്നും 2020ലാണ് ഒറേലിയൻ ചുവാമെനി മൊണാക്കോയിലേക്ക് ചേക്കേറുന്നത്. അതിനടുത്ത സീസണിൽ ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി 42 മത്സരങ്ങൾ കളിച്ച താരം ഈ സീസണിൽ അമ്പതോളം മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ മൊണോക്കോക്കായി നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit