മെസി, റൊണാൾഡോ എന്നിവരേക്കാൾ മികച്ച കഴിവുകൾ നെയ്മർക്കുണ്ടെങ്കിലും ഒരൊറ്റ പോരായ്മ താരത്തിനുണ്ടെന്ന് കഫു


ബ്രസീലിയൻ താരമായ നെയ്മർ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരേക്കാൾ സാങ്കേതികമായി മികച്ച കളിക്കാരനാണെന്ന് ബ്രസീലിയൻ ഇതിഹാസം കഫു. എന്നാൽ ഈ രണ്ടു താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നെയ്മർക്കുള്ള പ്രധാന പോരായ്മ നേതൃഗുണത്തിന്റെ അഭാവമാണെന്നും അതു താരം നേടിയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാഴ്സലോണയിൽ മിന്നിത്തിളങ്ങിയിരുന്ന നെയ്മർ ലയണൽ മെസിയുടെ നിഴലിൽ നിന്നും പുറത്തു കടക്കുന്നതിനാണ് ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറിയത്. എന്നാൽ അവിടെ ഉദ്ദേശിച്ച രീതിയിൽ തിളങ്ങാൻ കഴിയാതിരുന്ന നെയ്മറെ എംബാപ്പെ തന്റെ ഗോൾവേട്ട കൊണ്ട് പിന്നിലാക്കുകയുണ്ടായി. ഇപ്പോൾ മെസിയും ടീമിലെത്തിയതോടെ പിഎസ്ജിയിൽ നെയ്മറുടെ പ്രഭാവം കുറഞ്ഞിട്ടുണ്ട്.
പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തത് ബാലൺ ഡി ഓർ സ്വന്തമാക്കുകയെന്ന നെയ്മറുടെ സ്വപ്നം സഫലമായില്ലെങ്കിലും ആധുനിക കാലഘട്ടത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മറെന്നാണ് കഫു വിലയിരുത്തുന്നത്. " സാങ്കേതികപരമായി മെസി, റൊണാൾഡോ എന്നിവരേക്കാൾ മികച്ച താരമാണ് നെയ്മർ, എന്നാൽ ഒരു ലീഡറുടെ ഉത്തരവാദിത്വം താരം നേടിയെടുക്കണം." മാർക്കയോട് കഫു പറഞ്ഞു.
"നമ്മൾ ഫുട്ബോളിൽ നൂറു ശതമാനം സ്വയം അർപ്പിക്കുക തന്നെ വേണം. ഞാൻ നെയ്മറെക്കാൾ മികച്ച താരമല്ല, പക്ഷെ ഞാൻ മറ്റു റൈറ്റ് ബാക്കുകളേക്കാൾ മികച്ചതായത് സ്വയം അതിലേക്ക് സമർപ്പിച്ചതു കൊണ്ടാണ്. നെയ്മർ ഒരു നായകനായിരിക്കണം." കഫു വ്യക്തമാക്കി.
കരിയറിൽ തനിക്ക് തനിക്ക് റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ ഓഫർ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്റർകോണ്ടിനെന്റൽ കപ്പിൽ തന്നെ ലഭ്യമാകാൻ വേണ്ടി സാവോ പോളോ അതു തള്ളിക്കളഞ്ഞുവെന്നും കഫു പറഞ്ഞു. അതിനു ശേഷം സാവോ പോളോ കോപ്പ ലിബർട്ടഡോസും ലോക ചാമ്പ്യൻഷിപ്പും വിജയിച്ചതോടെ ആ ട്രാൻസ്ഫർ നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.