ലയണൽ മെസി എല്ലായ്പ്പോളും ഒരു ഫുട്ബോൾ ഹീറോ ആയിരിക്കും; അർജന്റൈൻ നായകനെ പ്രശംസിച്ച് കഫു

ഇക്കഴിഞ്ഞ കോപ്പ അമേരിക്കയിലുടനീളം അർജന്റീനക്കായി മികച്ച പ്രകടനം കാഴ്ച വെച്ച ലയണൽ മെസിയെ വാനോളം പ്രശംസിച്ച് മുൻ ബ്രസീൽ നായകൻ കഫു. ലയണൽ മെസി എല്ലാക്കാലത്തും ഒരു ഫുട്ബോൾ ഹീറോ ആയിരിക്കുമെന്ന് പറഞ്ഞ കഫു, വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ അദ്ദേഹം അർജന്റീനയുടെ നായകനായിരിക്കുമെന്നും ചൂണ്ടിക്കാട്ടി.
"കളിക്കളത്തിൽ മെസി എപ്പോളും നായകനാകും. മറ്റ് സമയങ്ങളെ അപേക്ഷിച്ച് ഈ അർജന്റീന ടീം ശരിക്കും അവനു വേണ്ടി കളിച്ചു. അതൊരു വ്യത്യാസമുണ്ടാക്കി." മെസിയെക്കുറിച്ചും, അർജന്റീനയുടെ കോപ്പ അമേരിക്ക കിരീട നേട്ടത്തെക്കുറിച്ചുമുള്ള ഓംനികോ പി ആർ ഗ്രൂപ്പിന്റെ ചോദ്യത്തിന് കഫു മറുപടി നൽകി.
"കളത്തിലുള്ളപ്പോളോക്കെ മെസി ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നു. അടുത്ത ലോകകപ്പിലും അതിൽ വ്യത്യാസമുണ്ടാകില്ല. വർഷങ്ങൾ തോറും ഉയർന്ന തലത്തിൽ അവൻ തന്റെ പ്രകടനം തുടരുന്നു. അത് കൊണ്ട് തന്നെ സ്കലോണിയുടെ തന്ത്രങ്ങളിൽ അദ്ദേഹത്തിന് തീർച്ചയായും വലിയ സ്വാധീനമുണ്ടാകും." മെസിയെക്കുറിച്ച് കഫു പറഞ്ഞു നിർത്തി.
അതേ സമയം നീണ്ട 28 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിച്ച് കൊണ്ട് അർജന്റീന ഇത്തവണത്തെ കോപ്പ അമേരിക്കയിൽ കിരീടം ചൂടുമ്പോൾ ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ലയണൽ മെസിയായിരുന്നു. ടൂർണമെന്റിൽ മൊത്തം 630 മിനുറ്റുകൾ കളിച്ച താരം നാല് ഗോളുകൾ നേടിയതിനൊപ്പം അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും ഒപ്പം ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയതും മെസി തന്നെയായിരുന്നു.