Football in Malayalam

"ലയണൽ മെസിയെവിടെ"- ബാഴ്‌സലോണയെ കുത്തിനോവിച്ച് കാഡിസ് ആരാധകർ

Sreejith N
Cadiz CF v FC Barcelona - La Liga Santander
Cadiz CF v FC Barcelona - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

ബാഴ്‌സലോണ ടീമിനും ആരാധകർക്കും ഒരുപോലെ നിരാശ സമ്മാനിച്ചാണ് കാഡിസിനെതിരെ നടന്ന ലാ ലിഗ മത്സരം ഗോൾരഹിത സമനിലയിൽ പൂർത്തിയായത്. എതിരാളികളുടെ മൈതാനത്ത് ക്രിയാത്മകത കണ്ടെത്താൻ ടീം വിഷമിച്ചതിനു പുറമെ മത്സരം ഒരു മണിക്കൂർ പിന്നിട്ടതിനു ശേഷം ഫ്രങ്കീ ഡി ജോങിന് ചുവപ്പുകാർഡ് ലഭിച്ചത് കാറ്റലൻ ക്ലബിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ചെയ്‌തു.

ലയണൽ മെസി ബാഴ്‌സലോണ വിട്ടതിനു ശേഷം പതറുന്ന ടീമിന് സീസണിലെ ആദ്യത്തെ ഒന്നു രണ്ടു മത്സരങ്ങളിൽ മാത്രമാണ് കുറച്ചെങ്കിലും മികവു കാണിക്കാൻ കഴിഞ്ഞത്. അതേസമയം ഇന്നലത്തെ മത്സരത്തിനായി തങ്ങളുടെ മൈതാനത്തെത്തിയ ബാഴ്‌സലോണ ടീമിനെ ലയണൽ മെസിയുടെ പേരു പറഞ്ഞ് കുത്തി നോവിക്കാൻ കാഡിസ് ആരാധകർ മറന്നതുമില്ല.

നുയെവോ മിറാൻഡില്ല മൈതാനത്ത് മത്സരത്തിനായി ബാഴ്‌സ ടീം എത്തിയപ്പോൾ സ്റ്റേഡിയത്തിനു പുറത്തു കൂടിയിരുന്ന നൂറു കണക്കിന് കാഡിസ് ആരാധകർ "ലയണൽ മെസിയെവിടെ" എന്ന മുദ്രാവാക്യമാണ് മുഴക്കിയത്. മെസിയില്ലാതെ ബാഴ്‌സലോണ ഈ സീസണിൽ പതറുമ്പോൾ അവരെ കൂടുതൽ നിരാശരാക്കുന്നതിനു വേണ്ടിയാണ് കാഡിസ് ആരാധകർ ഇതു ചെയ്തതെന്നു വ്യക്തമാണ്.

ലയണൽ മെസി ടീം വിട്ടതിനു ശേഷം പുതിയൊരു തലമുറയെ ഉണ്ടാക്കിയെടുക്കാനുള്ള ബാഴ്‌സലോണയുടെ പദ്ധതികൾ ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നത്. നിലവിലെ പരിശീലകനായ കൂമാനു ടീമിനെ ഉയർത്തിക്കൊണ്ടു വരാൻ കഴിയില്ലെന്നാണ് ബാഴ്‌സ നേതൃത്വം വിശ്വസിക്കുന്നതെന്നും അതുകൊണ്ടു തന്നെ അദ്ദേഹം പുറത്താക്കപ്പെടാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ ശക്തമാണ്.

അതേസമയം ബാഴ്‌സലോണ വിട്ടു പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസി ഫ്രഞ്ച് ക്ലബിനൊപ്പം ഇതുവരെയും താളം കണ്ടെത്തിയിട്ടില്ല. പിഎസ്‌ജിക്കു വേണ്ടി മൂന്നു മത്സരങ്ങൾ കളിച്ച് ഇതുവരെയും ഗോൾ കണ്ടെത്താൻ കഴിയാതിരുന്ന താരം കഴിഞ്ഞ മത്സരത്തിൽ പരിക്കു മൂലം കളിച്ചിട്ടില്ല.

facebooktwitterreddit