Football in Malayalam

90Min Exclusive: ലംപാർഡിന്റെയും ടുഷെലിന്റെയും ശൈലികൾ തമ്മിലുള്ള വ്യത്യാസം വെളിപ്പെടുത്തി അർജന്റീനിയൻ ഗോളി കബല്ലെറോ

Sreejith N
FBL-ENG-PR-WEST BROM-CHELSEA
FBL-ENG-PR-WEST BROM-CHELSEA / NICK POTTS/Getty Images
facebooktwitterreddit

ചെൽസിയെ ഈ സീസണിൽ പരിശീലിപ്പിച്ച ഫ്രാങ്ക് ലാംപാർഡും തോമസ് ടുഷെലും തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്നു വെളിപ്പെടുത്തി അർജന്റീനിയൻ ഗോൾകീപ്പർ വില്ലി കബല്ലെറോ. ഒന്നര വർഷം ചെൽസി പരിശീലകനായിരുന്ന ലംപാർഡ് ഡയറക്‌ട് ഫുട്ബോൾ കളിപ്പിക്കുമ്പോൾ കഴിഞ്ഞ ജനുവരിയിൽ ചെൽസി നിയമിച്ച തോമസ് ടുഷെൽ ലക്ഷണമൊത്ത ആധുനിക ഫുട്ബോളിന്റെ വക്താവാണെന്നാണ് കബല്ലെറോയുടെ അഭിപ്രായം.

"പരിശീലകരെക്കുറിച്ച് പറയുമ്പോൾ ഒരാൾ നന്നായി ചെയ്‌തതെന്ത്, മറ്റെയാളുടെ ഗുണമെന്ത് എന്നൊക്കെ സംസാരിക്കുന്നത് ഉചിതമല്ല. അവർ ടീമിനു വേണ്ടി നേട്ടങ്ങൾ സ്വന്തമാക്കാൻ വന്നവരാണ്. മികച്ചതായതു കൊണ്ടാണ് അവർ നമ്മുടെ പരിശീലകരാവുന്നത്. ആവിഷ്‌കരിക്കുന്ന പദ്ധതി നടപ്പിലാക്കാൻ അവർ നമ്മളോട് പറയുന്നു, തൊഴിലാളികളായ നമ്മൾ അത് നിറവേറ്റുന്നു," കബല്ലെറോ 90Minനോട് പറഞ്ഞു.

"ഫ്രാങ്കിനൊപ്പം ഞങ്ങൾ ഡയറക്ട് ഫുട്ബോൾ കളിക്കുകയെന്ന, ഇംഗ്ലീഷ് ഫുട്ബോളിന്റെ ആശയമാണ് നടപ്പിലാക്കിയതെന്നത് സംശയമില്ലാത്ത കാര്യമാണ്. വേഗത്തിൽ ആക്രമിക്കുക, വിങ്ങുകളിലൂടെയോ മധ്യത്തിലൂടെയോ ഏതെങ്കിലും വശങ്ങളിലൂടെയോ ആക്രമിച്ച് വെർട്ടിക്കൽ പാസുകളിലൂടെയാണ് മത്സരം നീങ്ങുക. വേഗത്തിൽ ആക്രമണവും പ്രത്യാക്രമണവും നടത്തുന്ന ആശ്ചര്യപ്പെടുത്തുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്.

"എന്നാൽ ടുഷെലിനൊപ്പം പരസ്പരധാരണയോടെ പന്ത് കൈവശം വെച്ച് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചാണ് ഞങ്ങൾ കളിക്കുന്നത്. മത്സരം എങ്ങിനെയൊക്കെ മാറുമെന്നും എതിർടീമിന്റെ പ്രധാന ഗുണങ്ങളും നിർണായക ദൗർബല്യവുമെല്ലാം അദ്ദേഹം വിശദീകരിച്ചു തരും."

ജർമൻ പരിശീലകൻ ചെൽസിയുടെ സ്ഥാനമേറ്റെടുത്തതിന് ശേഷം ചെൽസി ഒരു മത്സരം പോലും തോറ്റിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പതിനാലു മത്സരങ്ങളിൽ പത്ത് ജയവും നാല് സമനിലയും ചെൽസി ടുഷെലിനു കീഴിൽ നേടി. സീസണിൽ ഒരു കിരീടം പോലും നേടാൻ സാധ്യത കൽപ്പിക്കാതിരുന്ന ചെൽസി ഇപ്പോൾ സാധ്യമായ എല്ലാ കിരീടങ്ങളും നേടാൻ കഴിയുന്ന ഫോമിലാണ്.

facebooktwitterreddit