ബൈജൂസ് ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ഒഫിഷ്യൽ സ്പോൺസർ, ഫുട്ബോൾ ലോകകപ്പ് സ്പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം


ഇന്ത്യൻ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിനെ ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ഔദ്യോഗിക സ്പോൺസറായി പ്രഖ്യാപിച്ചു. ഇതോടെ ഫുട്ബോൾ ലോകകപ്പ് സ്പോൺസർ ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ സ്ഥാപനമെന്ന നേട്ടം കൂടിയാണ് കേരളത്തിൽ അഴീക്കോട് സ്വദേശിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് സ്വന്തമാക്കിയത്.
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ ആയതോടെ ഫിഫ ലോകകപ്പിന്റെ ചിഹ്നങ്ങൾ തുടങ്ങിയവ ഉപയോഗിക്കാനും
അതിന്റെ പേരിൽ പ്രമോഷനുകൾ സംഘടിപ്പിക്കാനും അതുവഴി ആരാധകരെ ആകർഷിക്കാനും ബൈജൂസ് ആപ്പിന് അധികാരം ഉണ്ടായിരിക്കും. ബഹുമുഖ പദ്ധതിയുടെ ഭാഗമായി ആരാധകർക്ക് വിദ്യാഭ്യാസപരമായ ഉള്ളടക്കങ്ങളും ഇവർ നൽകുന്നുണ്ട്.
We are delighted to announce that BYJU’S would represent India at the biggest stage as an Official Sponsor of the FIFA World Cup Qatar 2022™️.
— BYJU'S (@BYJUS) March 24, 2022
This would make BYJU’S the first EdTech brand to sponsor this prestigious event globally.
Stay tuned for more updates! #FIFAWorldCup pic.twitter.com/4M9cfHT5AN
ഫിഫ ലോകകപ്പ് ഖത്തർ 2022 സ്പോൺസർ ചെയ്യാൻ കഴിഞ്ഞതിൽ വളരെയധികം ആവേശമുണ്ടെന്നും ഇത്രയും വലിയൊരു ആഗോള വേദിയിൽ ഇന്ത്യയുടെ പ്രതിനിധിയായി നിൽക്കാൻ കഴിഞ്ഞത് അഭിമാനമാണെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു.
ഫുട്ബോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ആളുകളെ കൂട്ടിച്ചേർക്കുന്ന ഒന്നാണെന്നും കോടിക്കണക്കിനു പേർക്ക് പ്രചോദനം നൽകുന്ന ഫുട്ബോളിനെപ്പോലെ ബൈജൂസിനും വിദ്യാഭാസത്തിന്റെ സ്നേഹം എല്ലാ കുട്ടികളിലും പകർന്നു നൽകി പ്രചോദിപ്പിക്കാൻ കഴിയുമെന്നാണ് ഈ പങ്കാളിത്തത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറ്റിയിരുപതോളം രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള ബൈജൂസിന് പതിനഞ്ചു കോടിയോളം ഉപഭോക്താക്കളുണ്ട്. ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയിലധികമാണ് ഇന്നു സ്ഥാപനത്തിന്റെ മൂല്യം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയും ബൈജൂസാണ് സ്പോൺസർ ചെയ്യുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.