വിജയത്തിനരികെ സമനില വഴങ്ങി ബാഴ്‌സലോണ, മത്സരത്തെ മാറ്റിമറിച്ചതെന്തെന്നു വെളിപ്പെടുത്തി ബുസ്‌ക്വറ്റ്സ്
By Sreejith N

മധ്യനിരതാരമായ ഗാവിക്കു ലഭിച്ച ചുവപ്പുകാർഡാണ് ലാ ലിഗ മത്സരത്തിൽ ഗ്രനാഡക്കെതിരെ ബാഴ്‌സലോണ വിജയം കൈവിടാൻ കാരണമായതെന്ന് ടീമിന്റെ നായകനായ സെർജിയോ ബുസ്‌ക്വറ്റ്സ്. അൻപത്തിയേഴാം മിനുട്ടിൽ ലൂക്ക് ഡി ജോംഗ് ബാഴ്‌സലോണയെ മുന്നിലെത്തിച്ച മത്സരം എഴുപത്തൊമ്പതു മിനുട്ട് പിന്നിട്ടപ്പോഴാണ് ഗാവി രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും നേടി പുറത്താവുന്നത്. പത്തു മിനുട്ട് തികയും മുൻപ് പ്യൂർടാസിലൂടെ ഗ്രനാഡ സമനിലഗോൾ നേടുകയും ചെയ്‌തു.
"ചുവപ്പുകാർഡാണ് മത്സരത്തെ മാറ്റിമറിച്ചത്. രണ്ടാം പകുതിയിൽ ഗോൾ നേടിയതിലുപരിയായി ഞങ്ങൾക്ക് കൂടുതൽ പൊസെഷൻ ഉണ്ടായിരുന്നു, വശങ്ങളിലൂടെ മുന്നേറി സ്‌പേസ് ഉണ്ടാക്കാനും അവസരങ്ങൾ സൃഷ്‌ടിച്ചെടുക്കാനും കഴിഞ്ഞു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ ബുസ്‌ക്വറ്റ്സ് പറഞ്ഞു.
Full Time#GranadaBarça pic.twitter.com/UTH0Ia5cjY
— FC Barcelona (@FCBarcelona) January 8, 2022
"അവർ ഉയർന്ന തലത്തിലുള്ള പ്രെസിങ് കാഴ്‌ച വെച്ച് ഞങ്ങളെ വേഗത്തിൽ ആക്രമണം നടത്താൻ ഞങ്ങൾക്കു മേൽ സമ്മർദ്ദം ചെലുത്തിയെന്നത് സത്യമാണ്. മാൻ ടു മാൻ പ്രെസ്സിങ്ങായതിനാൽ അതിനെ മറികടക്കുമ്പോൾ ഞങ്ങൾക്ക് കൂടുതൽ സ്‌പേസ് ലഭിക്കുകയും ത്രീ വേഴ്‌സസ് ത്രീ എന്ന നിലയിൽ വരികയും ചെയ്‌തിരുന്നു. എന്നാൽ കളി വേഗത്തിൽ അവസാനിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല."
"ചുവപ്പുകാർഡോടെ ഞങ്ങൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. അത് മത്സരത്തെ പൂർണമായും മാറ്റി മറിക്കുകയും പൊസെഷൻ നഷ്ടമാകാൻ കാരണമാവുകയും ചെയ്‌തു. എന്നാൽ അവരുടെ ഗോളിനു മുൻപേയുള്ള നീക്കത്തിൽ ഞങ്ങൾക്ക് ഒൻപതു താരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു, കാരണം ഡാനി ആൽവസ് മൈതാനത്തിനു പുറത്തായിരുന്നു."
"കൂടുതൽ ക്ഷമയുടെയും കൂടുതൽ പൊസെഷനുമായി എതിരാളികളെ താഴേക്കു കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിയണമായിരുന്നു. അവർ തോൽക്കുകയാണ് എന്നതിനാൽ തന്നെ മത്സരം ബോക്‌സ് ടു ബോക്‌സാക്കി മാറ്റാനാണ് അവർ ശ്രമിച്ചത്." ബുസ്‌ക്വറ്റ്സ് വ്യക്തമാക്കി.
മത്സരത്തിൽ സമനില വഴങ്ങിയതോടെ ടോപ് ഫോറിലേക്ക് മുന്നേറാനുള്ള ബാഴ്‌സലോണയുടെ അവസരമാണ് നഷ്‌ടമായത്. നിലവിൽ 20 മത്സരങ്ങളിൽ നിന്നും 32 പോയിന്റുമായി ആറാം സ്ഥാനത്താണ് ബാഴ്‌സലോണ.ഇന്നലെ വലൻസിയക്കെതിരെ നടന്ന മത്സരത്തിൽ വിജയം നേടിയതോടെ 49 പോയിന്റുമായി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തു തുടരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.