"മാധ്യമങ്ങളിലൂടെയല്ല വിവരങ്ങൾ അറിയേണ്ടത്"- ലപോർട്ടയോട് അതൃപ്തിയറിയിച്ച് ബുസ്ക്വറ്റ്സ്


ബാഴ്സലോണ താരങ്ങളുടെ പ്രതിഫലം കുറക്കാനുള്ള തീരുമാനം കളിക്കാരെ നേരിട്ട് അറിയിക്കാതിരുന്ന ക്ലബ് നേതൃത്വത്തിന്റെ നടപടിയിൽ അതൃപ്തിയറിയിച്ച് ടീമിന്റെ നായകൻ സെർജിയോ ബുസ്ക്വറ്റ്സ്. മാധ്യമങ്ങളിൽ നിന്നും ഈ വിവരം അറിയുന്നതിനു പകരം നേരിട്ട് പറയുകയാണ് വേണ്ടിയിരുന്നതെന്നും ഏതു രീതിയിലും സഹായിക്കാൻ തയ്യാറാണെന്നും താരം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സലോണ താരങ്ങളുടെ പ്രതിഫലം പിന്നെയും വെട്ടിക്കുറക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളായി ശക്തമായിരുന്നു. സ്പെയിനും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് സംഭവത്തിൽ വ്യക്തത വരുത്താൻ ലപോർട്ട തയ്യാറാവണമെന്ന് ബുസ്ക്വറ്റ്സ് ആവശ്യപ്പെട്ടത്.
Busquets on more wage cuts at Barça: I would like them to tell me, not to find out other ways. I'm always ready to help. They've not proposed anything to us, doing it through the press is not the best way. I am not a problem, I am always prepared to help
— Samuel Marsden (@samuelmarsden) June 8, 2022
"ഒരുപാട് കാര്യങ്ങൾ പറഞ്ഞുവെന്ന് ഞാൻ കേട്ടു, ഞാൻ വെക്കേഷൻ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ അവരെന്താണ് എന്നോട് പറയുക എന്നറിയില്ല. എന്നോട് കാര്യങ്ങൾ പറയാനും, മറ്റുള്ള ഇടങ്ങളിൽ നിന്നും അറിയേണ്ടി വരരുതെന്നും എനിക്കാഗ്രഹമുണ്ട്. ഞാൻ എല്ലായിപ്പോഴും സഹായിക്കാൻ സന്നദ്ധനുമാണ്."
"അവർ ഒന്നും ഞങ്ങൾക്കു മുന്നിൽ വെച്ചിട്ടില്ല, നിങ്ങളിൽ നിന്നും കേട്ടതല്ലാതെ അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. അതൊന്നും എന്നെ ബാധിക്കുന്നില്ല, അതീ ഗെയിമിന്റെ ഭാഗമാണ്. പക്ഷെ അത് പ്രസ് വഴി അറിയുന്നതല്ല ഏറ്റവും മികച്ച തീരുമാനം, മുഖത്തോടു മുഖം നോക്കി പറയുന്നതാണ്." താരം വ്യക്തമാക്കി.
അടുത്ത വർഷത്തോടെ ബുസ്ക്വറ്റ്സിന്റെ ബാഴ്സലോണ കരാർ അവസാനിക്കാൻ തയ്യാറെടുക്കുകയാണെങ്കിലും താരം ക്ലബിനൊപ്പം തന്നെ തുടരും. സാവിയുടെ കീഴിൽ തിരിച്ചടികളിൽ നിന്നും ഉയർത്തെണീറ്റു കൊണ്ടിരിക്കുന്ന ബാഴ്സലോണ ടീമിൽ അടുത്ത സീസണിൽ പ്രധാനപ്പെട്ട ചുമതല താരത്തിനുമുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.