Football in Malayalam

രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താനുള്ള ആശയത്തെ വിമർശിച്ച് സ്പെയിൻ നായകൻ ബുസ്‌ക്വറ്റ്സ്

Sreejith N
Italy v Spain  - UEFA Euro 2020: Semi-final
Italy v Spain - UEFA Euro 2020: Semi-final / Laurence Griffiths/Getty Images
facebooktwitterreddit

ഫുട്ബോൾ ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്താനുള്ള ആശയത്തെ വിമർശിച്ച് സ്പെയിൻ ടീമിന്റെ നായകനും ബാഴ്‌സ താരവുമായ സെർജിയോ ബുസ്‌ക്വറ്റ്സ്. ടൂർണമെന്റുകൾ തുടർച്ചയായി നടത്തുമ്പോൾ അതിൽ കളിക്കുന്ന താരങ്ങളുടെ അവസ്ഥയെ ആരും പരിഗണിക്കുന്നില്ലെന്നും അവരെ നശിപ്പിക്കാനേ ഇത്തരം തീരുമാനങ്ങൾ ഉപയോഗപ്പെടൂവെന്നും ബുസ്‌ക്വറ്റ്സ് പറഞ്ഞു.

ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവെലപ്മെന്റിന്റെ മേധാവിയായ ആഴ്‌സൺ വെങ്ങറാണു ലോകകപ്പ് ഫുട്ബോൾ രണ്ടു വർഷത്തിലൊരിക്കൽ നടത്തണമെന്ന ആശയം മുന്നോട്ടു വെക്കുന്നത്. അടുത്തിടെ ഫിഫ പ്രസിഡന്റായ ജിയോവാനി ഇൻഫാന്റിനോ ഇതിനെ പിന്തുണച്ച സാഹചര്യത്തിലാണ് ബാഴ്‌സലോണ നായകൻ കൂടിയായ ബുസ്‌ക്വറ്റ്സ് പ്രതികരിച്ചത്.

"ലോകകപ്പ് എല്ലാ രണ്ടു വർഷത്തിലും നടത്തുകയെന്ന ആശയത്തിൽ കളിക്കാർക്കും ചിലതു പറയാനുണ്ട്. അതോടെ കലണ്ടർ കൂടുതൽ തിരക്കു പിടിച്ചതായി മാറും. മാത്രമല്ല, അവർ താരങ്ങളെ പരിഗണിക്കുന്നേയില്ല. അവർക്ക് കൂടുതൽ യൂറോ കപ്പും ലോകകപ്പും ലീഗ് മത്സരങ്ങളും ഓരോ ടൂർണമെന്റിലും കൂടുതൽ മത്സരങ്ങളുമാണ് വേണ്ടത്."

"മത്സരക്രമങ്ങൾ കൂടി വിശ്രമം തീരെയില്ലാത്ത സാഹചര്യം ഉണ്ടായാൽ താരങ്ങൾ പൊട്ടിത്തെറിക്കുന്ന ഒരു ഘട്ടം വരും. കോവിഡ് മഹാമാരി മൂലം പല മത്സരങ്ങളും തമ്മിൽ കലങ്ങിമറിഞ്ഞ സാഹചര്യം നമ്മൾ കണ്ടിട്ടുന്നെരിക്കെ ഇതു കൈകാര്യം ചെയ്യുക ബുദ്ധിമുട്ടായിരിക്കും. ഇതിനു പരിണിത ഫലങ്ങൾ ഉണ്ടെന്നിരിക്കെ എല്ലാ പാർട്ടികളിൽ നിന്നും കേട്ടതിനു ശേഷം മുന്നോട്ടു പോവുകയാണ് നല്ലത്." ബുസ്‌ക്വറ്റ്സ് പത്രസമ്മേളനത്തിൽ പറഞ്ഞു.

സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ടു വെച്ച നിർദ്ദേശത്തിന്റെ ഭാഗമായാണ് ലോകകപ്പ് ഫുട്ബോൾ രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് ഫിഫ വ്യക്തമാക്കിയത്. കൂടുതൽ ലോകകപ്പ് നടത്തുന്നത് വലിയ തോതിൽ വരുമാനം ഉണ്ടാക്കാൻ സഹായിക്കുമെന്നാണ് ഫിഫ പ്രസിഡന്റ് അഭിപ്രായപ്പെടുന്നത്.

facebooktwitterreddit