Football in Malayalam

മെസിക്കും സുവാരസിനുമൊപ്പം കളിച്ച് വിരമിക്കാനുള്ള പദ്ധതിയുമായി സെർജിയോ ബുസ്‌ക്വറ്റ്സ്

Sreejith N
FC Barcelona v Real Sporting de Gijon - La Liga
FC Barcelona v Real Sporting de Gijon - La Liga / David Ramos/GettyImages
facebooktwitterreddit

ബാഴ്‌സലോണ മധ്യനിരയെ ചലിപ്പിക്കുന്നതിൽ ബുസ്‌ക്വറ്റ്‌സിന്റെ സാന്നിധ്യം വളരെ നിർണായകമായ ഒന്നാണെങ്കിലും പ്രായം താരത്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. ബുസ്‌ക്വറ്റ്‌സിനു ചേർന്നൊരു പകരക്കാരനെ കണ്ടെത്തുകയെന്നത് ഒട്ടും പ്രായോഗികമായ കാര്യമല്ലെങ്കിലും ആ പൊസിഷനിലേക്ക് മികച്ചൊരു താരത്തെ എത്തിക്കേണ്ടത് ബാഴ്‌സലോണയെ സംബന്ധിച്ച് ആവശ്യമാണ്.

അതേസമയം ബാഴ്‌സലോണ വിടുന്നതിനെക്കുറിച്ചും അതിനു ശേഷമുള്ള തന്റെ കരിയറിനെ കുറിച്ചും ബുസ്‌ക്വറ്റ്‌സിന് കൃത്യമായ പദ്ധതികൾ ഉണ്ടെന്നാണ് ടിവി3യുടെ ഒൻസെ ഷോയിൽ സാവി കാമ്പോസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ബാഴ്‌സ വിട്ടാൽ അമേരിക്കൻ ലീഗിൽ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയിലേക്ക് ലൂയിസ് സുവാരസ്, ലയണൽ മെസി എന്നിവർക്കൊപ്പം ചേക്കേറി അവിടെ കളിച്ച് വിരമിക്കാനാണ് ബുസ്‌ക്വറ്റ്‌സിന്റെ പദ്ധതി.

റിപ്പോർട്ടുകൾ പ്രകാരം ഒരു സീസൺ കൂടി ബാഴ്‌സലോണയിൽ ബുസ്‌ക്വറ്റ്സ് ഉണ്ടായിരിക്കും. ഖത്തർ ലോകകപ്പ് കൂടി ലക്ഷ്യമിട്ട് ബാഴ്‌സലോണയിൽ തുടരുന്ന താരം അതിനു ശേഷം മെസി, സുവാരസ് എന്നിവർക്കൊപ്പം അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനാണ് ഒരുങ്ങുന്നത്. ലയണൽ മെസിയുടെ പിഎസ്‌ജി കരാർ അടുത്ത സീസണോടെ അവസാനിക്കുന്നതും സുവാരസ് ഈ സീസണോടെ ഫീ ഏജന്റായി മാറുന്നതുമെല്ലാം അതിനുള്ള സാധ്യത വർധിപ്പിക്കുന്നു.

മുപ്പത്തിനാലുകാരനായ ബുസ്‌ക്വറ്റ്സ് ഈ സീസണിലും ബാഴ്‌സ മധ്യനിരയിൽ സ്ഥിരസാന്നിധ്യമായി തുടരുകയാണ്. മുപ്പത്തിനാല് മത്സരങ്ങൾ ഈ സീസണിൽ കളിച്ച താരത്തിന്റെ കരാർ 2023ൽ അവസാനിക്കാനിരിക്കയാണ്. അതോടെ ക്ലബ് വിട്ട് അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനുള്ള പദ്ധതികളാണ് താരം ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്.

പഴയ ഫോം നിലനിർത്താൻ ബുദ്ധിമുട്ടുന്ന മുപ്പത്തിയഞ്ചുകാരനായ ലൂയിസ് സുവാരസ് സെർജിയോ ബുസ്‌ക്വറ്റ്‌സിനൊപ്പം ഇന്റർ മിയാമിയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെങ്കിലും ലയണൽ മെസി അടുത്ത സീസണു ശേഷം യൂറോപ്പ് വിടുമോയെന്ന കാര്യം സംശയമാണ്. സമ്മർ ജാലകത്തിൽ പിഎസ്‌ജിയിൽ എത്തിയ താരം സീസണിന്റെ രണ്ടാം പകുതിയിൽ താളം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. മികച്ച ഫോം കണ്ടെത്തിയാൽ മെസി അടുത്ത സീസണു ശേഷവും യൂറോപ്പിൽ തന്നെ തുടരാനാണ് സാധ്യത.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit