Football in Malayalam

ബാഴ്‌സലോണക്ക് ആശങ്കയായി ടീമിലെ രണ്ടു പ്രധാന താരങ്ങൾക്ക് അടുത്ത മത്സരത്തിൽ സസ്‌പെൻഷൻ

Sreejith N
Sevilla FC v FC Barcelona - La Liga Santander
Sevilla FC v FC Barcelona - La Liga Santander / Fran Santiago/GettyImages
facebooktwitterreddit

സെവിയ്യക്കെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്‌സലോണ സമനില വഴങ്ങിയെങ്കിലും ടീമിന്റെ പ്രകടനം നിലവിലെ പ്രതിസന്ധികളുടെ ഇടയിൽ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു. ലാ ലിഗയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീമിനെതിരെ അവരുടെ മൈതാനത്ത് ആധിപത്യം സ്ഥാപിക്കാൻ യുവതാരങ്ങൾ അണിനിരന്ന ബാഴ്‌സലോണക്ക് കഴിഞ്ഞു എന്നതു തന്നെയാണ് അതിനു കാരണം.

എന്നാൽ വളരെ വാശിയും തീവ്രതയും നിറഞ്ഞ മത്സരം ബാഴ്‌സക്ക് വലിയ തിരിച്ചടിയാണ് ഇപ്പോൾ സമ്മാനിച്ചിരിക്കുന്നത്. സെവിയ്യക്കെതിരെ നടന്ന കളിയിൽ മഞ്ഞക്കാർഡ് കണ്ടതിന്റെ പേരിൽ ബാഴ്‌സലോണ മധ്യനിര താരങ്ങളായ ഗാവിക്കും ബുസ്‌ക്വറ്റ്‌സിനും അടുത്ത മത്സരം നഷ്‌ടമാകും. ഇരുവർക്കും ടൂർണമെന്റിലെ അഞ്ചാമത്തെ മഞ്ഞക്കാർഡായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ചത്.

ബുസ്‌ക്വറ്റ്‌സിന് കളി തുടങ്ങി പതിനൊന്നാമത്തെ മിനുട്ടിൽ തന്നെ മഞ്ഞക്കാർഡ് ലഭിച്ചപ്പോൾ ഗാവി രണ്ടാം പകുതിയിലാണ് മഞ്ഞക്കാർഡ് നേടിയത്. രണ്ടു പേരും ടീമിന്റെ ഇപ്പോഴത്തെ മികച്ച പ്രകടനത്തിനു വളരെയധികം സംഭാവന നൽകുന്നവരായതു കൊണ്ടു തന്നെ ഇരുവരെയും ഒരുമിച്ച് നഷ്‌ടമാകുന്നത് ബാഴ്‌സക്ക് തിരിച്ചടി നല്കുമെന്നതിൽ സംശയമില്ല.

ഈ സീസണിൽ ബാഴ്‌സലോണക്കു വേണ്ടി എല്ലാ ലാ ലിഗ മത്സരത്തിലും ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയ താരമാണ് ബുസ്‌ക്വറ്റ്സ്. അതേസമയം പതിനേഴു വയസു മാത്രമുള്ള ഗാവി തന്റെ ഏറ്റവും മികച്ച പ്രകടനം സീസണിൽ നടത്തി ബാഴ്‌സ മധ്യനിരയുടെ എൻജിനായി പ്രവർത്തിച്ച് യൂറോപ്പിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ താരമാണ്.

ഇനി ക്രിസ്‌മസ്‌ ഇടവേള വരുന്നതിനാൽ 2022ലുള്ള മത്സരമാണ് രണ്ടു താരങ്ങൾക്കും നഷ്‌ടമാവുക. ലീഗിൽ പതിനഞ്ചാം സ്ഥാനത്തുള്ള മയോർക്കക്കെതിരെയാണ് ബാഴ്‌സ കളിക്കുന്നത് എന്നതിനാൽ ഇവരുടെ അഭാവത്തിലും ടീമിനു വിജയപ്രതീക്ഷ നിലനിൽക്കുന്നുണ്ട്. മത്സരം വിജയിച്ചാൽ ബാഴ്‌സയുടെ ടോപ് ഫോർ പ്രതീക്ഷകളും സജീവമാകും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit