ഒരു ടീമെന്ന നിലയിലുള്ള യുവന്റസിന്റെ ഡിഎൻഎ റൊണാൾഡോ വന്നതോടെ നഷ്ടപ്പെട്ടുവെന്ന് ബുഫൺ
By Sreejith N

പോർച്ചുഗീസ് സൂപ്പർതാരമായ റൊണാൾഡോയുടെ ട്രാൻസ്‌ഫർ യുവന്റസിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചു സംസാരിച്ച് ക്ലബിന്റെ ഇതിഹാസതാരമായ ജിയാൻലൂയിജി ബുഫൺ. റൊണാൾഡോ ഇറ്റാലിയൻ ക്ലബിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തുവെന്നു പറഞ്ഞ ബുഫൺ പക്ഷെ താരത്തിന്റെ വരവോടെ യുവന്റസിന് ഒരു ടീമെന്ന നിലയിലുള്ള ഡിഎൻഎ നഷ്‌ടമായെന്നും അതു ചാമ്പ്യൻസ് ലീഗ് പോലുള്ള ടൂർണമെന്റുകളിൽ ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്നും അഭിപ്രായപ്പെട്ടു.
"താരം വന്ന ആദ്യത്തെ വർഷം യുവന്റസിനു ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള സാധ്യത ഉണ്ടായിരുന്നു. ആ സമയത്ത് ഞാൻ പിഎസ്‌ജിയിൽ ആയിരുന്നതിനാൽ എന്താണ് സംഭവിക്കുന്നതെന്നു മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ തിരിച്ചെത്തിയതിനു ശേഷം താരത്തിനൊപ്പം ചേർന്ന് രണ്ടു വർഷം നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചെങ്കിലും യുവന്റസിന് ഒരു ടീമെന്ന നിലയിലുള്ള ഡിഎൻഎ നഷ്ടമായിരുന്നു."
"2017ൽ ഞങ്ങൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയതിന്റെ പ്രധാന കാരണം ഞങ്ങൾ പരിചയസമ്പന്നരായ താരങ്ങളായിരുന്നു എന്നതും അതിലുപരിയായി ഒറ്റക്കെട്ടായി നിൽക്കുന്ന ഞങ്ങളുടെ ടീമിനുള്ളിൽ ആയിരുന്നു അവരവരുടെ സ്ഥാനങ്ങൾക്കു വേണ്ടിയുള്ള മത്സരങ്ങൾ ഉണ്ടായിരുന്നു എന്നതുമാണ്. അതെല്ലാം റൊണാൾഡോ വന്നതോടെ നഷ്‌ടമായി." ടിയുഡിഎന്നിനോട് ബുഫൺ പറഞ്ഞു.
ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചപ്പോഴും റൊണാൾഡോ ഇറ്റാലിയൻ ക്ലബിനു വേണ്ടി ഏറ്റവും മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചതെന്നും ബുഫൺ സമ്മതിക്കുന്നു. മൂന്നു സീസണുകൾ യുവന്റസിനു വേണ്ടി കളിച്ച താരം 134 മത്സരങ്ങളിൽ നിന്നും 101 ഗോളുകൾ നേടി രണ്ടു സീരി എ കിരീടനേട്ടത്തിലും ഒരു കോപ്പ ഇറ്റാലിയ കിരീടനേട്ടത്തിലും പങ്കാളിയായിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.