Football in Malayalam

"കിയേസ ഇത്രയധികം മികച്ചതാണെന്ന് കരുതിയിരുന്നില്ല", ഇറ്റാലിയൻ താരത്തിന്റെ വളർച്ചയിൽ അത്ഭുതം പ്രകടിപ്പിച്ച് ബുഫൺ

Sreejith N
Italy v Spain  - UEFA Euro 2020: Semi-final
Italy v Spain - UEFA Euro 2020: Semi-final / Frank Augstein - Pool/Getty Images
facebooktwitterreddit

യൂറോ കപ്പ് കിരീടം ഇറ്റലിക്ക് നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിക്കുകയും ടൂർണമെന്റിലുടനീളം അതിഗംഭീര പ്രകടനം പുറത്തെടുത്ത് ആരാധകരെ വിസ്‌മയിപ്പിക്കുകയും ചെയ്‌ത ഫെഡറികോ കിയെസയുടെ വളർച്ചയിൽ അത്ഭുതം പ്രകടിപ്പിച്ച് മുൻ യുവന്റസ് സഹതാരവും ഇറ്റലിയുടെ ഇതിഹാസതാരവുമായി ജിയാൻലൂയിജി ബുഫൺ. അസാധാരണ കഴിവുകളുള്ള താരമാണ് കിയെസയെന്ന് അഭിപ്രായപ്പെട്ട ബുഫൺ ഫൈനലിൽ യുവന്റസ് താരം നടത്തിയ പ്രകടനത്തെ പ്രത്യേകം പരാമർശിച്ചു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സീരി ബിയിൽ കളിക്കുന്ന തന്റെ മുൻ ക്ലബായ പാർമയിലേക്ക് ചേക്കേറിയ ബുഫൺ കഴിഞ്ഞ സീസണിൽ കിയെസക്കൊപ്പം യുവന്റസിൽ കളിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ഫിയോറെന്റീനയിൽ നിന്നും യുവന്റസിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കി കിയെസ വന്ന സമയത്ത് താരത്തിന് ഇത്രയധികം മികവുണ്ടെന്ന് താൻ കരുതിയില്ലെന്നു ഗസറ്റ ഡെല്ല സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ബുഫൺ പറഞ്ഞു.

"കിയെസ യുവന്റസിലേക്ക് വന്ന സമയത്ത് താരത്തിന് ഇത്രയധികം കഴിവുണ്ടെന്നു ഞാൻ കരുതിയിരുന്നില്ല. സത്യസന്ധമായാണ് ഞാനിതു പറയുന്നത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അവിശ്വസനീയമായിരുന്നു താരത്തിന്റെ പ്രകടനം. ഇംഗ്ലണ്ടിനെതിരായ ഫൈനൽ മത്സരത്തിൽ കിയെസയെ തടയുക പോലും അസാധ്യമായിരുന്നു."

"കിയെസക്കൊപ്പം യുവന്റസിൽ ഒരു സീസൺ കളിച്ചതിനു ശേഷം ആ പ്രകടനം എനിക്ക് ആശ്ചര്യമൊന്നും നൽകിയില്ല. എന്നാൽ യൂറോ കപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകളിൽ ഉയർന്ന നിലവാരത്തിലുള്ള പ്രകടനം നടത്താൻ കഴിയുമോയെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. നിങ്ങൾ അത്രയും ഉയർന്ന തലത്തിലുള്ള പ്രകടനം നടത്തുകയാണെങ്കിൽ അസാധാരണ കഴിവുള്ള താരം തന്നെയാണെന്നാണ് അതിനർത്ഥം." ബുഫൺ വ്യക്തമാക്കി.

യൂറോ കപ്പിലെ പ്രകടനത്തോടെ യുവന്റസ് താരത്തിനു വേണ്ടി യൂറോപ്പിലെ വമ്പൻ ക്ലബുകൾ വട്ടമിട്ടു പറക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ചെൽസി, ലിവർപൂൾ എന്നീ ക്ലബുകളുടെ നൂറു മില്യൺ യൂറോയുടെ ഓഫർ തള്ളിക്കളഞ്ഞ യുവന്റസ് ഭാവിയിൽ ബാലൺ ഡി ഓർ നേടുമെന്നു പ്രതീക്ഷിക്കപ്പെടുന്ന താരത്തെ എന്ത് വില കൊടുത്തും നിലനിർത്താൻ തന്നെയാണ് ഉദ്ദേശിക്കുന്നത്.


facebooktwitterreddit