റൊണാൾഡോ യുവന്റസ് വിട്ടതിനെതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളിക്കളഞ്ഞ് ബുഫൺ


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടതിനെതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളിക്കളഞ്ഞ് ഇറ്റലിയുടെ ഇതിഹാസ ഗോൾകീപ്പറും മുൻ യുവന്റസ് താരവുമായ ജിയാൻലൂയിജി ബുഫൺ. ശരിയായ രീതിയിൽ തന്നെക്കുറിച്ച് ഒരുപാട് ചിന്തിക്കുന്ന താരമാണു റൊണാൾഡോയെന്ന് ബുഫൺ പറഞ്ഞു.
സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിലാണ് റൊണാൾഡോ യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. ഇതുകൊണ്ട് മികച്ചൊരു പകരക്കാരനെ കണ്ടെത്താൻ യുവന്റസിന് വേണ്ടത്ര സമയം ലഭിച്ചില്ല എന്നതടക്കമുള്ള വിമർശനങ്ങൾ താരത്തിനെതിരെ ഉയർന്നെങ്കിലും ബുഫൺ അതിനെയെല്ലാം തള്ളിക്കളഞ്ഞു.
Cristiano Ronaldo defended by Gianluigi Buffon after 'disrespectful' Man Utd claimshttps://t.co/uInz35xvFu pic.twitter.com/Y8tKukod6s
— Mirror Football (@MirrorFootball) September 6, 2021
"ആരാധകർ അത്ഭുതപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നാണ് ഞാൻ കരുതുന്നത്. ഒരു മികച്ച പ്രൊഫെഷനലെന്ന തരത്തിൽ മതിക്കപ്പെടുന്ന താരം ശരിയായ രീതിയിൽ തന്നെക്കുറിച്ച് ചിന്തിക്കുന്നു. ഈ മൂന്നു വർഷങ്ങളിൽ റൊണാൾഡോ മികച്ച പ്രകടനം നടത്തുകയും നിരവധി ഗോളുകൾ നേടുകയും ചെയ്തു. താരം ക്ലബ് വിട്ടതിൽ യുക്തിപരമായി ഒന്നുമില്ലെന്നു ഞാൻ കരുതുന്നില്ല, റൊണാൾഡോ അതേക്കുറിച്ച് ഒരുപാട് ചിന്തിച്ചിരിക്കും."
"യുവന്റസ് ഒരു മാറ്റത്തിന്റെ കാലഘട്ടത്തിലാണ്. അതു തലമുറപരമാണോ അതോ ക്ലബിന്റെ ചട്ടക്കൂടിലാണോ എന്നെനിക്ക് അറിയില്ല. അത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ ചെറിയ വില നൽകേണ്ടി വരും. നിങ്ങൾ ലക്ഷ്യത്തിലേക്ക് എത്തിയില്ലെങ്കിലും അല്ലെഗ്രിയെ പോലൊരു പരിശീലകന്റെ സാന്നിധ്യമുള്ളപ്പോൾ അതിനടുത്തെത്താൻ കഴിയും." റേഡിയോ ആഞ്ചിയോ സ്പോർട്ടിനോട് ബുഫൺ പറഞ്ഞു.
കരാർ അവസാനിച്ചതോടെ ഫ്രീ ട്രാൻസ്ഫറിൽ എസി മിലാൻ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയ ഡോണറുമ്മയുടെ തീരുമാനവും ശരിയാണെന്ന അഭിപ്രായവും ബുഫൺ പ്രകടിപ്പിച്ചു. കുറെ വർഷങ്ങളായി ഒരു നിശ്ചിത തലത്തിലുള്ള മത്സരങ്ങളിൽ താരത്തിന് കളിയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ തീരുമാനം ബഹുമാനിക്കപ്പെടണമെന്നും ബുഫൺ വ്യക്തമാക്കി.