റൊണാൾഡോ വന്നതിന് ശേഷം യുവന്റസിന്റെ ഡി.എൻ.എ നഷ്ടപ്പെട്ടെന്ന പരാമർശം, വിശദീകരണവുമായി ബുഫൺ

ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതിന് ശേഷം യുവന്റസിന് അവരുടെ ഡി.എൻ.എ നഷ്ടമായെന്ന പ്രസ്‌താവനയിൽ വിശദീകരണവുമായി ജിയാൻലിയൂജി ബുഫൺ. കൊറിയറെ ഡെല്ല സെറക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ വിവാദമായ പ്രസ്‌താവനയെ കുറിച്ച് ഇറ്റാലിയൻ ഗോൾകീപ്പർ വിശദീകരണം നൽകിയത്.
നേരത്തെ, അമേരിക്കൻ ബ്രോഡ്കാസ്റ്റ് നെറ്റ്‌വർക്ക് ആയ ടി.യു.ഡി.എന്നിനോട് സംസാരിക്കവെ, "താരം (റൊണാൾഡോ) വന്ന ആദ്യത്തെ വർഷം യുവന്റസിനു ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള സാധ്യത ഉണ്ടായിരുന്നു. ആ സമയത്ത് ഞാൻ പിഎസ്‌ജിയിൽ ആയിരുന്നതിനാൽ എന്താണ് സംഭവിക്കുന്നതെന്നു മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ തിരിച്ചെത്തിയതിനു ശേഷം താരത്തിനൊപ്പം ചേർന്ന് രണ്ടു വർഷം നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചെങ്കിലും യുവന്റസിന് ഒരു ടീമെന്ന നിലയിലുള്ള ഡിഎൻഎ നഷ്ടമായിരുന്നു," എന്ന് ബുഫൺ പറഞ്ഞിരുന്നു.
ഈ പ്രസ്‌താവനയെ കുറിച്ചാണ് ബുഫൺ ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. "(യുവന്റസിന്റെ) ഡി.എന്‍.എ നഷ്ടപ്പെട്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. കാരണം ഞാന്‍ അങ്ങനെ കരുതുന്നു. ആഴത്തില്‍ ചിന്തിച്ചാല്‍ അത് ക്രിസ്റ്റ്യാനോയുടെ തെറ്റല്ലെന്ന് എനിക്ക് വ്യക്തമായി പറയാന്‍ കഴിയും. കാരണം അവന്‍ മികച്ച താരമാണ്. ഇത്തരം കാലിബറുള്ള താരത്തെ സൈന്‍ ചെയ്യുമ്പോള്‍ എന്താണ് ലഭിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം," കൊറിയറെ ഡെല്ല സെറയുമായുള്ള അഭിമുഖത്തില്‍ ബുഫണ്‍ വ്യക്തമാക്കി.
അതേ സമയം, ഈ സീസണ്‍ തുടക്കത്തിൽ യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ റൊണാൾഡോ, പ്രീമിയർ ലീഗ് ക്ലബിനായി മികച്ച പ്രകടനമാണ് പുറത്ത് എടുക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.