ഏഞ്ചൽ ഡി മരിയ യുവന്റസിലേക്കു വരുന്നത് മറഡോണ ഇറ്റലിയിലേക്കു വന്നതു പോലെയെന്ന് ബുഫൺ

Buffon Says Di Maria To Juventus Like Maradona To Serie A
Buffon Says Di Maria To Juventus Like Maradona To Serie A / Clive Rose/GettyImages
facebooktwitterreddit

അർജന്റീനിയൻ മുന്നേറ്റനിര താരമായ ഏഞ്ചൽ ഡി മരിയ യുവന്റസിലേക്കു വരുന്നത് ഡീഗോ മറഡോണ സീരി എയിൽ എത്തിയതു പോലെയാകുമെന്ന് ക്ലബിന്റെ ഇതിഹാസതാരമായ ജിയാൻലൂയിജി ബുഫൺ. പിഎസ്‌ജി കരാർ അവസാനിച്ച ഡി മരിയ ഇറ്റാലിയൻ ക്ലബുമായി ചർച്ചകൾ നടത്തുന്ന സാഹചര്യത്തിലാണ് ബഫണിന്റെ പ്രതികരണം.

ബുഫൺ പിഎസ്‌ജിയിൽ കളിച്ചിരുന്ന സമയത്ത് ഡി മരിയയുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. മികച്ച കഴിവുകളുള്ള മുപ്പത്തിനാല് വയസുള്ള താരത്തിന് മുൻപ് നാപ്പോളിയിലെത്തി സീരി എയും ഇറ്റലിയും കീഴടക്കിയ ഡീഗോ മറഡോണയെപ്പോലെ അത്ഭുത പ്രകടനം നടത്താൻ കഴിയുമെന്നാണ് ബുഫൺ കരുതുന്നത്.

"നിലവിൽ ഡി മരിയ സീരി എയിലേക്കെന്നത് മറഡോണ വന്നതു പോലെയാണ്. ഞാൻ പറഞ്ഞത് വ്യക്തമാണോ? ഫുട്ബോൾ താരം എവിടെ കളിക്കുന്നു എന്നതിന്റെ പശ്ചാത്തലത്തിലായിരിക്കണം മൂല്യം കണക്കാക്കേണ്ടത്. നിലവിൽ സീരി എ സാങ്കേതികമായി വളരെ പിന്നിലാണ്, ഡി മരിയക്ക് വളരെ സാങ്കേതികത്വവുമുണ്ട്."

"എതിരാളികളെ വളരെ അനായാസം ഡ്രിബിൾ ചെയ്‌തു പോകുന്ന താരം ഗോളിനു മുന്നിൽ നിർണായകസാന്നിധ്യമാണ്. അസിസ്റ്റുകൾ നൽകാനും മൈതാനത്ത് കയറിയും ഇറങ്ങിയും കളിക്കാനും താരത്തിന് കഴിയും. നിരവധി പൊസിഷനുകളിൽ കളിക്കാനും ഡി മരിയക്കാവും. അദ്ദേഹമൊരു ഫുട്ബോൾ താരമാണെന്ന് കുറഞ്ഞ വാക്കുകളിൽ പറയാം." ബുഫൺ ഗസറ്റ ഡെല്ല സ്പോർട്ടിനോട് പറഞ്ഞു.

ഡി മരിയക്ക് 34 വയസായെന്നത് താരത്തിന്റെ പ്രകടനത്തെ പുറകോട്ടു വലിക്കാൻ സാധ്യതയില്ലെന്ന് 44ആം വയസിലും കളിച്ചു കൊണ്ടിരിക്കുന്ന തന്നെ ഉദാഹരണമാക്കി ബുഫൺ പറഞ്ഞു. പ്രായമല്ല, നിശ്ചയദാർഢ്യവും അഭിനിവേശവും പ്രചോദനവുമാണ് ഒരാളെ നയിക്കുന്നതെന്നും ഡി മരിയ യുവന്റസിൽ എത്തിയാൽ അദ്ദേഹം അതിനു തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ടാകുമെന്നും ഇറ്റാലിയൻ ഇതിഹാസം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.