Football in Malayalam

ഡൽഹിയിലെ ചുമരിൽ വരച്ച ലയണൽ മെസിയുടെ ചിത്രത്തിനെതിരെ വിമർശനം ശക്തമാകുന്നു

Sreejith N
Real Sociedad v FC Barcelona - La Liga Santander
Real Sociedad v FC Barcelona - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ഇന്ത്യൻ തലസ്‌ഥാനമായ ഡൽഹിക്കടുത്തുള്ള ഹൗസ് ഖാസ് വില്ലേജിലെ ഒരു കെട്ടിടത്തിന്റെ ചുമരിൽ വരച്ച ബാഴ്‌സലോണ നായകൻ ലയണൽ മെസിയുടെ കൂറ്റൻ ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നു. അമേരിക്കൻ ബിയർ കമ്പനിയായ ബഡ്‌വൈസർ ഇന്ത്യയിൽ നടത്തുന്ന പുതിയ ക്യാംപെയ്‌നിന്റെ ഭാഗമായാണ് മെസിയുടെ ചിത്രം സൗത്ത് ഡൽഹിയിലെ പ്രധാനപ്പെട്ട ഏരിയയായ ഹൗസ് ഖാസിൽ വരച്ചത്.

എന്നാൽ അതിനു മുൻപ് അതെ ചുമരിലുണ്ടായിരുന്ന അതിമനോഹരമായ ഗ്രാഫിറ്റിയെ ഇല്ലാതാക്കിയാണ് മെസിയുടെ ചിത്രം വരച്ചതെന്നതാണ് ഇപ്പോൾ വിമർശനങ്ങൾ ഉയരാൻ കാരണമായത്. 2014ൽ സ്‌പാനിഷ്‌ കലാകാരൻ ഒകുഡ സാൻ മിഗ്വലും പോളിഷ് കലാകാരൻ മറിയുസ് വാറസും ചേർന്ന് വരച്ച ഒരു ഗ്രാഫിറ്റിക്കു മുകളിലാണ് മെസിയുടെ സ്പോർട്സ് കരിയർ പ്രതിഫലിപ്പിക്കുന്ന പുതിയ ചിത്രം ബഡ്‌വൈസർ വരച്ചു ചേർത്തത്.

Lionel Messi mural, New Delhi
Lionel Messi mural in New Delhi / Start India

ഇന്ത്യയിലെ അർബൻ ഏരിയയിലുള്ള കലാകാരന്മാരുടെ സംരംഭമായ 'എസ്‌ടി+ആർട് ഇന്ത്യ' ആണ് മെസിയുടെ ചിത്രം വരച്ചതിനെതിരെയും വരച്ച ബഡ്‌വൈസർ കമ്പനിക്കെതിരെയും വിമർശനങ്ങൾ ഉന്നയിച്ചത്. വളരെ വർഷങ്ങളുടെ അധ്വാനം കൊണ്ടാണ് അത്തരമൊരു ചുമർചിത്രം അവിടെ വന്നതെന്നും അതിനെ ഒരു രാത്രി കൊണ്ട് ഇല്ലാതാക്കിയത് മര്യാദയല്ലെന്നും ഇൻസ്റ്റാഗ്രാം പേജിൽ 'എസ്‌ടി+ആർട് ഇന്ത്യ' പറയുന്നു.

ഒരു പ്രൈമറി മുനിസിപ്പൽ സ്‌കൂളിന്റെ ചുമരിലാണ് ചിത്രം വരച്ചിരിക്കുന്നതെന്നത് വിവാദങ്ങളെ കൂടുതൽ കൊഴുപ്പിക്കുന്നുണ്ട്. ഒരു ആൽക്കഹോൾ ബ്രാൻഡിന്റെ പരസ്യത്തിന് വേണ്ടിയുള്ള ചിത്രം ഒരു സ്‌കൂളിന്റെ ചുമരിൽ വരച്ചതിൽ യാതൊരു ധാർമികതയുമില്ലെന്നും എസ്‌ടി+ആർട് ഇന്ത്യ വ്യക്തമാക്കി.

അതേസമയം ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസിയുടെ കരിയറിനെയും ജീവിതത്തെയും മറ്റുള്ളവർക്ക് പ്രചോദനമാകുന്നു തരത്തിൽ കാണിക്കാനാണ് ചിത്രം ഉപയോഗിച്ചതെന്നും ഈ ചുമരുകൾ മികച്ച രീതിയിൽ കാത്ത് സൂക്ഷിച്ച് മറ്റു കലാകാരന്മാർക്ക് ഉപയോഗിക്കാൻ അവസരമുണ്ടാക്കുമെന്നും വിവാദത്തിൽ ബഡ്‌വൈസർ പ്രതികരിച്ചു.


facebooktwitterreddit