മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുകയാണെങ്കിൽ തന്റെ ടീമിൽ കളിക്കാം, ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഓഫറുമായി വോൾവ്‌സ് പരിശീലകൻ

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുകയാണെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് തന്റെ ടീമിൽ കളിക്കാമെന്ന് വോള്‍വ്‌സ് പരിശീലകന്‍ ബ്രൂണോ ലഗെ. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്നോട്ടുവലിക്കുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് താരത്തെ പ്രശംസിച്ച് ലഗെ രംഗത്തെത്തിയത്.
"അദ്ദേഹം ഒരു മെഷീനാണ്. സ്‌കോര്‍ ചെയ്യുക, സ്‌കോര്‍ ചെയ്യുക, സ്‌കോര്‍ ചെയ്യുക എന്ന് മാത്രമേ ക്രിസ്റ്റ്യാനോക്കുള്ളു. അതിന് വേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നത് തന്നെ. അദ്ദേഹം വലിയ കളിക്കാരനാണ്. ലോകത്തുള്ള എല്ലാ ടീമുകളും ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്നവരാണ്," ലഗെ പറഞ്ഞതായി ദി മിറർ റിപ്പോർട്ട് ചെയ്‌തു.
"ഇത് ഫുട്‌ബോളാണ്, അതില്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങളുണ്ടാകും. ക്രിസ്റ്റ്യാനോയുടെ കാര്യത്തില്‍ യുണൈറ്റഡ് സന്തുഷ്ടരല്ലെങ്കില്‍ ഞാന്‍ അദ്ദേഹത്തിന് വേണ്ടി ഇവിടെ സ്ഥാനം നല്‍കും .പക്ഷെ അവർ അവന്റെ കാര്യത്തില്‍ സന്തുഷ്ടരാണെന്ന് എനിക്കറിയാം. ചെറുപ്രായത്തില്‍ ഉയർന്ന തലത്തിൽ കളിക്കാന്‍ തുടങ്ങിയ താരം അതേ ലെവലില്‍ തന്നെയാണ് ഇപ്പോഴും കളിക്കുന്നത്," ലഗെ കൂട്ടിച്ചേർത്തു.
റൊണാള്‍ഡോ ഇല്ലെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിലവിൽ ഉള്ളതിനേക്കാൾ മികച്ച ടീമായിരിക്കുമെന്ന് പല കോണില്‍ നിന്നും വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വോള്‍വ്‌സ് മാനേജറുടെ വാക്കുകള്‍.
37കാരനായ റൊണാള്‍ഡോ യുവന്റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയതിന് ശേഷം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സീസണില്‍ റെഡ് ഡെവിള്‍സിന് വേണ്ടി 20 മത്സരത്തില്‍ നിന്ന് 14 ഗോളുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. പ്രീമിയര്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇപ്പോള്‍ യുണൈറ്റഡിന്റെ സ്ഥാനം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.