ന്യൂകാസിൽ യുണൈറ്റഡിലേക്ക് ബ്രസീലിയൻ സഹതാരത്തെ എത്തിക്കാനാവശ്യപ്പെട്ട് ബ്രൂണോ ഗുയ്മെറാസ്


ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് നാൽപതു മില്യൺ യൂറോയെന്ന ക്ലബിന്റെ എക്കാലത്തെയും വലിയ ട്രാൻസ്ഫർ ഫീസ് നൽകി ബ്രസീലിയൻ താരം ബ്രൂണോ ഗുയ്മെറാസിനെ ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്നും ന്യൂകാസിൽ യുണൈറ്റഡ് സ്വന്തം തട്ടകത്തിലെത്തിച്ചത്. അതിനു ശേഷം ഇംഗ്ലീഷ് ക്ലബിനായി 13 മത്സരങ്ങൾ കളിച്ച താരം വളരെ പെട്ടന്നു തന്നെ ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരനായി മാറുകയും ചെയ്തു.
ഡിഫെൻസിവ് മിഡ്ഫീൽഡിൽ കളിക്കുന്ന താരം ഇതുവരെ നാല് ഗോളുകൾ നേടി ന്യൂകാസിൽ യുണൈറ്റഡിനെ തരം താഴ്ത്തൽ മേഖലയിൽ നിന്നും രക്ഷപ്പെടുത്തി ഒൻപതാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ തന്നെ തുടരും എന്നുറപ്പായതോടെ വരുന്ന സമ്മറിൽ ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങുന്ന ന്യൂകാസിലിനോട് ലിയോണിലും ബ്രസീലിലും തന്റെ സഹതാരമായ ലൂക്കാസ് പക്വറ്റയെ സ്വന്തമാക്കാൻ ആവശ്യപ്പെട്ടിരിക്കയാണ് ബ്രൂണോ.
'It would be my dream. Paquetá is my best friend, we made a relationship, not only on the field, but we lived together all the time outside' | #NUFChttps://t.co/fBdFX7OHCZ
— The Chronicle (@ChronicleNUFC) April 29, 2022
അത്ലറ്റികോ പരനെൻസിൽ നിന്നും 2020 ജനുവരിയിലാണ് ഗുയ്മെറാസ് ലിയോണിൽ എത്തുന്നത്. എട്ടു മാസങ്ങൾക്കു ശേഷം എസി മിലാനിൽ നിന്നും പക്വറ്റയും ഫ്രഞ്ച് ക്ലബിലെത്തി. മൈതാനത്തും പുറത്തും സുഹൃത്തായിരുന്ന താരവുമായി പ്രീമിയർ ലീഗിലും ഒരുമിക്കാൻ താല്പര്യമുണ്ടെന്നാണ് ബ്രൂണോ പറയുന്നത്. "അതെന്റെയൊരു സ്വപ്നമാണ്. പക്വറ്റ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്." ഇഎസ്പിഎന്നിനോട് സംസാരിക്കുമ്പോൾ ഗുയ്മെറാസ് പറഞ്ഞു.
"ഞങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു. കളിക്കളത്തിൽ മാത്രമല്ല, അതിനു പുറത്തും ഞങ്ങൾ ഒരുമിച്ചാണ് ജീവിച്ചിരുന്നത്. ഞങ്ങളുടെ ഭാര്യമാരും ഒരുമിച്ചു തന്നെയായിരുന്നു. സഹോദരങ്ങൾ പോലെയായിരുന്നു ഞങ്ങളുടെ ബന്ധം. ഇപ്പോഴും ഞങ്ങൾ ദിവസവും സംസാരിക്കും. താരത്തിന് ഇവിടെയെത്താൻ കഴിഞ്ഞാൽ അത് വളരെ നല്ലതായിരിക്കും. എന്നാൽ അതു ഞാൻ വിചാരിച്ചാൽ മാത്രം ചെയ്യാൻ കഴിയുന്നതല്ല." ബ്രൂണോ വ്യക്തമാക്കി.
ന്യൂകാസിൽ യുണൈറ്റഡിന്റെ ആരാധകക്കൂട്ടത്തെയും ബ്രസീലിയൻ മിഡ്ഫീൽഡർ പ്രശംസിച്ചു. പ്രീമിയർ ലീഗിൽ വളരെ കുറച്ചു ക്ലബുകൾക്ക് മാത്രമേ ഇതുപോലെ ആരാധകരുള്ളൂവെന്നും ന്യൂകാസിലിന്റെ മൈതാനത്തു കളിക്കുക ഏതു ടീമിനും ബുദ്ധിമുട്ടു നിറഞ്ഞ കാര്യമാണെന്നും താരം പറഞ്ഞു. കളിക്കളത്തിലും പുറത്തും ആരാധകർ തനിക്ക് നൽകുന്ന പിന്തുണ അനിർവചനീയമായ ആനന്ദമാണ് നൽകുന്നതെന്നും ബ്രൂണോ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.