ന്യൂകാസിൽ യുണൈറ്റഡിന് ആഴ്‌സണലിനേക്കാൾ വലിയ ക്ലബായി മാറാൻ കഴിയുമെന്ന് ബ്രസീലിയൻ താരം ബ്രൂണോ ഗുയ്‌മറൈസ്
By Sreejith N

ന്യൂകാസിൽ യുണൈറ്റഡിന് ആഴ്‌സണലിനേക്കാൾ വലിയ ക്ലബായി മാറാൻ തീർച്ചയായും കഴിയുമെന്ന് ജനുവരി ജാലകത്തിൽ ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്നുമെത്തിയ ബ്രസീലിയൻ താരം ബ്രൂണോ ഗുയ്‌മറൈസ്. ആഴ്‌സണൽ നോട്ടമിട്ടിരുന്ന മധ്യനിര താരത്തെ തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്‌ഫർ തുക നൽകിയാണ് ന്യൂകാസിൽ സ്വന്തമാക്കിയത്.
എവർട്ടണുമായുള്ള മത്സരത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന താരം അതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ആഴ്‌സനലിന്റെ ഓഫർ തഴഞ്ഞതിൽ യാതൊരു നിരാശയും ഇല്ലെന്നു വ്യക്തമാക്കിയത്. ന്യൂകാസിൽ യുണൈറ്റഡ് ഉടമകൾ തന്റെ മുന്നിൽ അവതരിപ്പിച്ച പ്രോജക്റ്റിൽ വിശ്വാസമുണ്ടെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലബായി തങ്ങൾ മാറുമെന്നും താരം വ്യക്തമാക്കി.
Bruno Guimaraes response to whether Newcastle can be bigger than Arsenal ? pic.twitter.com/sSn2WSBjLI
— GOAL (@goal) February 7, 2022
"തീർച്ചയായും" ആഴ്‌സണലിനേക്കാൾ മികച്ച ക്ലബായി ന്യൂകാസിൽ മാറുമോയെന്ന ചോദ്യത്തിനു ദി ഗാർഡിയനോട് ഗുയ്മെറൈസ് പറഞ്ഞു. "വളരെയധികം പാരമ്പര്യവും മഹത്തായ ചരിത്രവും ഇപ്പോൾ തന്നെയുള്ള ഒരു ക്ലബാണിത്."
"ഇവിടേക്കു വരാനുള്ള എന്റെ തീരുമാനത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഉടമകൾ എന്നോട് പറഞ്ഞ പ്രോജക്റ്റ് മുഴുവനായും ഞാൻ വിശ്വസിക്കുന്നു. ലോകത്തിലെ തന്നെ ഒരു വമ്പൻ ശക്തിയായി മാറാൻ ഞങ്ങൾ ഒരുങ്ങുകയാണ്. പ്രീമിയർ ലീഗിൽ തുടരുകയെന്നതാണ് ഈ സീസണിൽ ടീമിന്റെ പ്രധാന ലക്‌ഷ്യമെങ്കിലും വരും വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കുകയും അതിനു ശേഷം അതു വിജയിക്കുകയും വേണം." ബ്രസീലിയൻ താരം വ്യക്തമാക്കി.
ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയുടെ സൈനിങ് ആയിട്ടും 39ആം നമ്പർ ജേഴ്‌സി തിരഞ്ഞെടുക്കാനുണ്ടായ കാരണവും താരം പറഞ്ഞു. ഇരുപതു വർഷങ്ങളോളം ടാക്‌സി ഡ്രൈവർ ആയിരുന്ന തന്റെ അച്ഛന്റെ ടാക്‌സിയുടെ നമ്പർ 39 ആയിരുന്നുവെന്നും അച്ഛന്റെ ആഗ്രഹപ്രകാരം ആ ജേഴ്‌സി അണിഞ്ഞ് അത്ലറ്റികോ പരാനെന്സിനൊപ്പം നാല് കിരീടങ്ങൾ സ്വന്തമാക്കിയതിനാൽ പോകുന്ന ക്ലബുകളിലെല്ലാം അതാണ് താൻ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന നമ്പറെന്ന് താരം വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.