Premier League

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിയിലും റെക്കോർഡുകൾ തിരുത്തിയെഴുതി ബ്രൂണോ ഫെർണാണ്ടസ്

Sreejith N
Manchester United v Liverpool - Premier League
Manchester United v Liverpool - Premier League / Michael Regan/Getty Images
facebooktwitterreddit

ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയെങ്കിലും പ്രീമിയർ ലീഗ് റെക്കോർഡ് ബുക്കുകളിൽ ഇടം പിടിച്ച് ക്ലബിന്റെ മധ്യനിര താരമായ ബ്രൂണോ ഫെർണാണ്ടസ്. രണ്ടിനെതിരെ നാലു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയ കളിയിൽ പോർച്ചുഗൽ താരം പത്താം മിനുട്ടിൽ തന്നെ നേടിയ ഗോളാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കി നൽകിയത്.

ഈ സീസണിൽ 56 മത്സരങ്ങളിൽ നിന്നും 28 ഗോളുകൾ നേടിയ താരം, ഒരു സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന പ്രീമിയർ ലീഗ് മധ്യനിര താരമെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ചെൽസിയുടെ ഇതിഹാസതാരമായ ഫ്രാങ്ക് ലംപാർഡ് 2009-10 സീസണിൽ സ്വന്തമാക്കിയ റെക്കോർഡിനെയാണ് ബ്രൂണോ ഫെർണാണ്ടസ് ഇന്നലത്തെ മത്സരത്തോടെ മറികടന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി അമ്പതു പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചതിൽ നിന്നും 44 ഗോളുകളിലാണ് ബ്രൂണോ ഫെർണാണ്ടസ് പങ്കാളിയായിരിക്കുന്നത്. 26 ഗോളുകളും 18 അസിസ്റ്റും സ്വന്തമാക്കിയിട്ടുള്ള താരം ക്ലബിനു വേണ്ടി അമ്പതു പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും കൂടുതൽ ഗോളുകളിൽ പങ്കാളിയായിട്ടുള്ള താരങ്ങളിൽ മൂന്നാം സ്ഥാനത്താണ്. റോബിൻ വാൻ പേഴ്‌സി, എറിക് കന്റോണ എന്നിവരാണ് ഇക്കാര്യത്തിൽ ബ്രൂണോ ഫെർണാണ്ടസിനു മുന്നിലുള്ളത്.

കഴിഞ്ഞ വർഷം ജനുവരിയിൽ സ്പോർട്ടിങ്ങിൽ നിന്നും അൻപത്തിയഞ്ചു മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ ബ്രൂണോ ഫെർണാണ്ടസ് ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരങ്ങളിൽ ഒരാളായി താരമായി വളർന്നിട്ടുണ്ട്. ഇതുവരെ 78 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഇറങ്ങിയ ബ്രൂണോ ഫെർണാണ്ടസ് 40 ഗോളും 25 അസിസ്റ്റുമാണ് സ്വന്തമാക്കിയിരിക്കുന്നത്. ക്ലബിനൊപ്പമുള്ള ആദ്യത്തെ കിരീടം യൂറോപ്പ ലീഗിലൂടെ നേടാമെന്ന പ്രതീക്ഷയിലാണ് താരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit