നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയതിനു പിന്നാലെ ആരാധകർക്ക് സന്ദേശവുമായി ബ്രൂണോ ഫെർണാണ്ടസ്


ആസ്റ്റൺ വില്ലക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയതിനു പിന്നാലെ ആരാധകർക്ക് സന്ദേശവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ്. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോളിനു പിന്നിൽ നിൽക്കുമ്പോൾ ലഭിച്ച പെനാൽറ്റി പുറത്തേക്കടിച്ചു കളഞ്ഞതോടെ ഒരു പോയിന്റ് കൂടിയാണ് പോർച്ചുഗീസ് താരം നഷ്ടപ്പെടുത്തിയത്.
തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പെനാൽറ്റി നഷ്ടപ്പെടുത്തി, പരാജയം വഴങ്ങിയതിലുള്ള നിരാശ ബ്രൂണോ ഫെർണാണ്ടസ് പങ്കുവെച്ചത്. എന്നാൽ ഈ നിരാശയിൽ നിന്നും പ്രചോദനമുൾക്കൊണ്ടു തിരിച്ചു വരുമെന്നും താരം കൂട്ടിച്ചേർത്തു. "പെനാൽറ്റി നഷ്ടപ്പെടുത്തി തോൽവി നേരിട്ടതിൽ എന്നോളം നിരാശയുള്ള മറ്റൊരാളും ഉമുണ്ടാകില്ല." താരം കുറിച്ചു.
"ഞാൻ ഉത്തരവാദിത്വങ്ങൾ ഇപ്പോഴും ഏറ്റെടുത്ത് ഇതുപോലെയുള്ള സമ്മർദ്ദ നിമിഷങ്ങളെ സ്വീകരിച്ചെങ്കിലും ഇന്നു ഞാൻ പരാജയപ്പെട്ടു. എന്നാൽ മറ്റു പല അവസരങ്ങളിലും പന്തു വലയിലെത്തിച്ച അതെ തരത്തിലുള്ള അഭിലാഷത്തോടെയും ഉത്തരവാദിത്വത്തോടെയും വെല്ലുവിളിയെ നേരിട്ട് ഒരു പടി കൂടി ഞാൻ മുന്നോട്ടു പോയി."
"വിമർശനങ്ങളും വിപരീത അഭിപ്രായങ്ങളും ഫുട്ബോളിന്റെ ഒരു വലിയ ഭാഗമാണ്. ഞാൻ അവക്കൊപ്പം ജീവിക്കാൻ പഠിക്കുകയും അവയെന്നെ മുന്നോട്ടു കൊണ്ടു നയിക്കുകയും ചെയ്യുന്നു. എനിക്കും ടീമിനും ഉപകാരപ്പെടുന്ന തരത്തിൽ സാധ്യമായ ഏറ്റവും മികച്ച കളിക്കാരനായി മാറാനുള്ള എന്റെ പ്രതിബന്ധതയുടെ വളരെ പ്രധാനപ്പെട്ട ഭാഗമായാണ് ഞാനതിനെ കണക്കാക്കുന്നത്."
"ഞാൻ യുണൈറ്റഡിൽ ചേർന്നതിനു ശേഷം എനിക്കു നൽകിയ ഉത്തരവാദിത്വങ്ങൾ ഇന്നൊരിക്കൽ കൂടി ഞാൻ ഏറ്റെടുത്തു. എന്നെ വീണ്ടും വിളിക്കുമ്പോഴെല്ലാം ഞാനത് ഭയമൊന്നും കൂടാതെ ഏറ്റെടുക്കുക തന്നെ ചെയ്യും. ഒരുമിച്ച് വിജയിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം. എന്റെ സഹതാരങ്ങളെയും ക്ലബിനെയും മികച്ചതാക്കാൻ എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്യും."
"വളരെ ആഗ്രഹത്തോടെയും പ്രതിബദ്ധതയോടെയും കളിക്കളത്തിൽ എന്റെ എല്ലാം നൽകുന്ന താരമാണ് ഞാൻ. അതാണ് തുടർന്നും ചെയ്യാൻ പോകുന്നത്. അവസാന വിസിലിനു ശേഷം നിങ്ങൾ എനിക്കു നൽകിയ പിന്തുണയ്ക്ക് നന്ദി. സ്റ്റേഡിയത്തിൽ നിങ്ങളെന്റെ പേരു ചൊല്ലുന്നത് വൈകാരികമായ അനുഭവമായിരുന്നു. ഞാനെനിക്ക് വേണ്ടി തിരിച്ചു വരും. ഇതു ഞാൻ പാലിക്കുന്ന മാനദണ്ഡമാണ്, അതിലുപരിയായി എന്റെ സഹതാരങ്ങൾക്കും എന്നെ എല്ലായിപ്പോഴും പിന്തുണച്ച ആരാധകർക്കും വേണ്ടിയും." ബ്രൂണോ ഫെർണാണ്ടസ് കുറിച്ചു.