Football in Malayalam

വിയ്യാറയലിന് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫസ്റ്റ്-ചോയ്സ് പെനാൽറ്റി ടേക്കർ ആരായിരുന്നെന്ന് വ്യക്തമാക്കി ബ്രൂണോ

Ali Shibil Roshan
Bruno Fernandes confirmed he was on penalties in Villarreal win
Bruno Fernandes confirmed he was on penalties in Villarreal win / Clive Brunskill/Getty Images
facebooktwitterreddit

ആസ്റ്റൺ വില്ലക്കെതിരെ 1-0ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ട പ്രീമിയർ ലീഗ് മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ലഭിച്ച നിർണായക പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാനായില്ലെങ്കിലും, വിയ്യാറയലിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ടീമിന്റെ ഫസ്റ്റ്-ചോയ്‌സ് പെനാൽറ്റി ടേക്കർ താൻ തന്നെയായിരുന്നെന്ന് വ്യക്തമാക്കി ബ്രൂണോ ഫെർണാണ്ടസ്.

ഓൾഡ് ട്രാഫോഡിൽ വെച്ച് കഴിഞ്ഞ ആഴ്ച നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-ആസ്റ്റൺ വില്ല മത്സരത്തിൽ ആതിഥേയർ ഒരു ഗോളിന് പിന്നിൽ നിൽക്കുമ്പോഴാണ് പരിക്ക് സമയത്ത് സമനില ഗോൾ നേടാനുള്ള സുവർണാവസരം ചുവന്ന ചെകുത്താന്മാർക്ക് ലഭിക്കുന്നത്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ആ പെനാൽറ്റി എടുക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നുവെങ്കിൽ, കിക്ക്‌ എടുത്തത് ഫെർണാണ്ടസ് ആയിരുന്നു. പക്ഷെ, പന്ത് ക്രോസ്ബാറിന് മുകളിലേക്ക് അടിച്ച താരത്തിന് പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

അതോടെ, ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പെനാൽറ്റികൾ എടുക്കുക റൊണാൾഡോ ആയിരിക്കുമെന്ന് ഫുട്ബോൾ ലോകത്ത് സംസാരമുണ്ടായിരുന്നുവെങ്കിലും, അടുത്ത മത്സരത്തിലും പെനാൽറ്റി എടുക്കാനുള്ള ഉത്തരവാദിത്തം തനിക്ക് തന്നെയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പോർച്ചുഗീസ് താരം.

"(വിയ്യാറയലിന് എതിരെ) പെനാൽറ്റി എടുക്കേണ്ടത് ഞാനായിരുന്നു, പക്ഷെ ഞങ്ങൾക്ക് ഒന്നും ലഭിച്ചില്ല. ആരാണ് അത് എടുക്കുക എന്ന് മത്സരത്തിന് മുൻപ് പരിശീലകൻ തീരുമാനിക്കും," ഫെർണാണ്ടസ് ബിടി സ്പോർട്ടിന്റെ ജൂൾസ് ബ്രീച്ചിനോട് പറഞ്ഞു.

അതേ സമയം, വിയ്യാറയലിന് എതിരെ 2-1ന്റെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരസ്ഥമാക്കിയത്. മത്സരത്തിന്റെ 53ആം മിനുറ്റിൽ പാക്കോ അൽകാസറിലൂടെ സ്പാനിഷ് ക്ലബ് മുന്നിലെത്തിയെങ്കിലും, 60ആം മിനുറ്റിൽ മനോഹരമായൊരു വോളിയിലൂടെ അലക്സ് ടെല്ലസ് സമനില ഗോൾ നേടുകയും, പരിക്ക് സമയത്തിന്റെ 5ആം മിനുറ്റിൽ റൊണാൾഡോ വിജയഗോളും നേടുകയായിരുന്നു.


facebooktwitterreddit