Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിയുടെ ഉത്തരവാദി സോൾഷെയർ മാത്രമല്ല, തെറ്റ് എല്ലാവരുടേതെന്നും ബ്രൂണോ ഫെർണാണ്ടസ്

Ali Shibil Roshan
Bruno Fernandes insisted it's not just Solskjaer fault as Man Utd were stunned by Watford.
Bruno Fernandes insisted it's not just Solskjaer fault as Man Utd were stunned by Watford. / Alex Pantling/GettyImages
facebooktwitterreddit

വാറ്റ്‌ഫോഡിന് എതിരായ 4-1ന്റെ നാണംകെടുത്തുന്ന പരാജയത്തിന്റെ ഉത്തരവാദി പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ മാത്രമല്ല, കളിക്കാരും കൂടിയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ബ്രൂണോ ഫെർണാണ്ടസ്.

പ്രീമിയർ ലീഗിൽ അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചിലും പരാജയം ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, വാറ്റ്‌ഫോഡിനെതിരെ ദയനീയപ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിലായ ചുവന്ന ചെകുത്താന്മാർ, രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡോണി വാൻ ഡി ബീക്കിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും, 90+2, 90+6 മിനിറ്റുകളിലും ഗോളുകൾ നേടിയ വാറ്റ്‌ഫോഡ് തകർപ്പൻ വിജയം കരസ്ഥമാക്കുകയായിരുന്നു.

മത്സരശേഷം ബീയിൻ സ്പോർട്ടിനോട് സംസാരിച്ച ഫെർണാണ്ടസ്, ഇത് പരിശീലകന്റെ മാത്രം പിഴവല്ലെന്നും, എല്ലാവരുടെയും തെറ്റാണെന്നും അഭിപ്രായപ്പെട്ടു. ഫെർണാണ്ടസിന്റെ വാക്കുകൾ ഇങ്ങനെ: "പ്രീമിയർ ലീഗിലെ ഈ മത്സരങ്ങളിൽ ഒരു പകുതി മാത്രം കളിച്ചാൽ പോരാ. ക്വാളിറ്റി ഉള്ള ഒരു മികച്ച ടീമാണ് വാറ്റ്‌ഫോഡ്, അവർ മുന്നിൽ ആക്രമണോൽസുകരാണ്, അവർക്ക് അവസരങ്ങൾ നൽകിയാൽ നിങ്ങൾ ഗോളുകൾ വഴങ്ങും. ഒരുപാട് മത്സരങ്ങളിലായി ഞങ്ങൾക്കുള്ള പ്രശ്‌നമാണ് അത്.

"രണ്ടാം പകുതിയിൽ [ആവശ്യമുള്ള] മനോഭാവം ഉണ്ടായിരുന്നെന്നും, പക്ഷെ ആദ്യ പകുതിയിൽ എല്ലാവരും വളരെ പതുക്കെ ആയിരുന്നെന്നും എനിക്ക് തോന്നുന്നു. ഞങ്ങൾ ടാക്കിൾ ചെയ്യുന്നില്ല, ഞങ്ങൾ ഡ്യുവലുകൾ വിജയിക്കുന്നില്ല - ഈ ടീമുകൾക്കെതിരെ നിങ്ങൾ അത് വിജയിക്കണം. അവർ കാണിക്കുന്ന അതേ തീവ്രത നിങ്ങൾ കാണിക്കുകയും, അതിനുശേഷം നിങ്ങളുടെ ക്വാളിറ്റിയും എന്തുകൊണ്ടാണ് നിങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്നതെന്നും കാണിക്കാൻ ശ്രമിക്കണം.

"ഇത് എല്ലാവരുടെയും തെറ്റാണ്. ഇത് പരിശീലകന്റേതോ, ഒന്നോ രണ്ടോ കളിക്കാരുടേതോ [തെറ്റ്] അല്ല, എല്ലാവരുടേതുമാണ്. എല്ലാവരും ഇതിലും നന്നായി ചെയ്യേണ്ടതിനാൽ എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കണം."


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit