Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആ 3 ഇതിഹാസങ്ങൾക്കൊപ്പം കളിക്കാൻ ആഗ്രഹം; വെളിപ്പെടുത്തലുമായി ബ്രൂണോ ഫെർണാണ്ടസ്

Gokul Manthara
Manchester United v İstanbul Basaksehir: Group H - UEFA Champions League
Manchester United v İstanbul Basaksehir: Group H - UEFA Champions League / Michael Regan/Getty Images
facebooktwitterreddit

നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാന ‌താരമാണ് ബ്രൂണോ ഫെർണാണ്ടസ്. കഴിഞ്ഞ വർഷം ജനുവരിയിൽ പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് സിപിയിൽ നിന്ന് പ്രീമിയർ ലീഗ് ക്ലബ്ബിലെത്തിയ താരം ഗോളടിക്കുന്നതിനൊപ്പം, ഗോളടിപ്പിക്കുന്നതിലും മികവു കാട്ടി മുന്നേറുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി വളർന്നു കൊണ്ടിരിക്കുന്ന ബ്രൂണോ കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ ഹാൻഡിലിൽ ആരാധകരുമായി സംവദിക്കാൻ എത്തിയിരുന്നു. ഇപ്പോളത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഒപ്പം കളിക്കാൻ ആഗ്രഹിക്കുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആരെന്നതായിരുന്നു ബ്രൂണോ നടത്തിയ ചോദ്യോത്തര സെഷനിടെ ആരാധകരിൽ ഒരാളുടെ ചോദ്യം. ഇതിന് മറുപടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ, വെയിൻ റൂണി, എറിക്ക് കന്റോണ എന്നീ 3 ഇതിഹാസ താരങ്ങളുടെ പേരായിരുന്നു ബ്രൂണോ പറഞ്ഞത്.

കരിയറിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച പ്രതിരോധ താരം ആരെന്ന ചോദ്യവും Q&A സെഷനിടെ ബ്രൂണോക്ക് നേരിടേണ്ടി വന്നു. ഇതിന് മറുപടിയായി ഇറ്റാലിയൻ താരം ജ്യോർജിയോ കില്ലിനിയുടെ പേര് പറഞ്ഞ ബ്രൂണോ, ഏറ്റവും അണ്ടർ റേറ്റഡായിട്ടുള്ള താരങ്ങളിൽ ഒരാളാണ് കില്ലിനിയെന്നും എന്നാൽ തന്നെ സംബന്ധിച്ച് ഏറ്റവും മികച്ച താരമാണ് അദ്ദേഹമെന്നും കുറിച്ചു.

അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത് മുതൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ബ്രൂണോ ഫെർണാണ്ടസ്, ഈ സീസണിലും ഉജ്ജ്വല പ്രകടനങ്ങളാണ് ക്ലബ്ബിനൊപ്പം പുറത്തെടുക്കുന്നത്. 2020-21 സീസണിൽ ഇതു വരെ കളിച്ച 45 മത്സരങ്ങളിൽ 23 ഗോളുകൾ നേടിക്കഴിഞ്ഞ ഈ ഇരുപത്തിയാറുകാരൻ 13 അസിസ്റ്റുകളും നൽകിയിട്ടുണ്ട്.

facebooktwitterreddit